by webdesk1 on | 09-09-2024 02:34:05
തിരുവനന്തപുരം: ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഞെട്ടലോടെ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പാര്‍ലമെന്റംഗം ബി.ജെ.പിയില്‍ ചേരുന്നതായാണ് പത്ര വാര്‍ത്ത. ഇദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പിയെ സമീപച്ചു എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരാണ് ആ എംപി എന്ന കാര്യത്തില്‍ വാര്‍ത്തയില്‍ ഒരു സൂചനയും നല്‍കിയിട്ടുമില്ല.
ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് സി.പി.എമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന വാര്‍ത്ത കോണ്‍ഗ്രസ് ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
എംപി കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെ ബി.ജെ.പിയില്‍ ചില എതിര്‍പ്പുകളുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അത് പാര്‍ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. അതിനാല്‍ കോണ്‍ഗ്രസ് നേതാവിന്റെ കടന്നുവരവ് ബി.ജെ.പി സ്വാഗതം ചെയ്യാനാണ് സാധ്യതയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
പക്ഷെ ആരാണ് ഈ കോണ്‍ഗ്രസ് നേതാവ് എന്നാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ ശത്രുക്കള്‍ ബി.ജെ.പി ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കുമുള്ള നേതാക്കള്‍ക്ക് നേരെയും രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം എംപി ശശി തരൂരിന്റെ അടുത്ത കാലത്തെ മൃതു ബി.ജെ.പി സമീപനം ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരിലാളന ആവോളം ലഭിക്കുന്ന മാവേലിക്കര എംപി കൊടിക്കുന്നേല്‍ സുരേഷിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.