by webdesk1 on | 09-09-2024 11:17:29
തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആര്‍.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ആര്‍.എസ്.എസ് നേതാക്കളെ വ്യക്തിപരമായി കണുന്നതില്‍ തെറ്റില്ലെന്നും ഷംസീര്‍ പറഞ്ഞു.
മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു.
അതേസമയം ഷംസീറിന്റെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശത്തില്‍ എതിര്‍പ്പുമായി മുസ്ലീം ലീഗ് രംഗത്തെത്തി. സ്പീക്കര്‍ ഷംസീര്‍ നടത്തിയ പ്രസ്താവന സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു.
നിക്ഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ സി.പി.എമ്മിന്റെ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണെന്നും സി.പി.എം നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് സ്പീക്കര്‍ പറയുന്നതെന്നും സലാം പറഞ്ഞു.