by webdesk1 on | 12-09-2024 08:27:40 Last Updated by webdesk1
തിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. ആര്‍.എസ്.എസുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം സി.പി.എമ്മിന് ഇല്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന നേതാക്കള്‍ പക്ഷെ, പിണറായി വിജയനെതിരായ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കുന്നുമില്ല.
ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എ.ഡി.ജി.പി അജിത്കുമാര്‍ തൃശൂരില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെയും കോവളത്തുവച്ച് ആര്‍.എസ്.എസ് നേതാവ് രാം മാധവിനെയും കണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ ആരോപണം. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ ആരോപണത്തിന് ആര്‍.എസ്.എസ് നേതാക്കളെ കാണേണ്ട ആവശ്യം സി.പി.എമ്മിനില്ല എന്ന് പറഞ്ഞ് ആരോപണങ്ങളെ വഴിതിരിക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്.
സി.പി.എം, ആര്‍.എസ്.എസുമായി ധാരണ ഉണ്ടാക്കി എന്ന ആരോപണം പ്രതിപക്ഷത്തിന് പോലുമില്ല. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത് എന്ന ആരോപണം മാത്രമാണുള്ളത്. പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ കേസുകളില്‍ തുടര്‍ നടപടികള്‍ തടയുന്നതിനുള്ള ഡീലാണ് കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
പ്രത്യുപകാരമായി കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് എന്ന വാഗ്ദാനം നിറവേറ്റാനാണ് എ.ഡി.ജി.പി അജിത്കുമാറിനെ മുന്‍നിര്‍ത്തി തൃശൂര്‍ പൂരം കലക്കിയതെന്നും പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ സി.പി.ഐ പോലും മുഖ്യമന്ത്രിക്ക് എതിരായി തിരിഞ്ഞു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍ അടക്കം ആവശ്യപ്പെടുകയുണ്ടായി.
ഇതിനിടെയാണ് ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ സംഘത്തില്‍ പിണറായി വിജയന്റെ അടുപ്പക്കാരും ഉണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നത്. പിണറായി വിജയനുമായി വളരെ അടുത്തു നില്‍ക്കുന്ന വ്യവസായിയും അദ്ദേഹത്തെ ബന്ധുവും സര്‍ക്കാരിന്റെ ഭാഗവുമായ വ്യക്തിയുമാണ് കൂടെ ഉണ്ടായിരുന്നത് എന്നായിരുന്നു ആരോപണം.
ആരോപണം ഉയരുന്നതിന് മുന്‍പ് തന്നെ പിണറായി വിജയന് സംരക്ഷണം തീര്‍ത്ത സ്പീക്കര്‍ എ.എന്‍. ഷംസീറും രംഗത്ത് എത്തിയിരുന്നു. ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ടതില്‍ തെറ്റില്ല എന്നായിരുന്നു സ്പീകറുടെ പ്രതികരണം. അജിത്കുമാര്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു എന്നുകൂടി പറഞ്ഞുവച്ചു.
ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനാലല്ലെന്ന് പുതിയ കണ്‍വീനര്‍ രാമകൃഷ്ണന്‍ പറഞ്ഞു വയ്ക്കുന്നതും അജിത്കുമാറിനെയും അതുവഴി പിണറായി വിജയനേയും സംരക്ഷിക്കാന്‍ കൂടിയാണ്.