by webdesk1 on | 14-09-2024 04:15:09
കൊച്ചി: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ പ്രതിപക്ഷത്തെ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും ആരോപണങ്ങളുടെ ലക്ഷ്യവും അതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളും അമ്പരപ്പിലാക്കിയിരിക്കുന്നത് കോണ്‍ഗ്രസിനെയാണെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍.
പി.ശശിക്ക് നേരെ ഉയരുന്ന വിരലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഉയരുന്നത്. അവരുടെ ഉദ്ദേശ്യം മുഖ്യമന്ത്രിയെ അധികാരഭൃഷ്ടനാക്കുക എന്നതാണ്. അത് പിണറായി വിജയന്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് തുറന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ രാജിക്കായി ആവേശത്തോടെ ഇറങ്ങിയ പ്രതിപക്ഷത്തിന് ഇപ്പോള്‍ അപകടം തിരിച്ചറിഞ്ഞിട്ടുമുണ്ട്.
ഈ നിലയില്‍ തുടര്‍ന്നാല്‍ വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് സി.പി.എമ്മും ഒപ്പം കോണ്‍ഗ്രസും തിരിച്ചറിയുന്നുണ്ട്. ഒരു നേതൃമാറ്റമുണ്ടായാല്‍ നിലവിലെ അവസ്ഥയിലും മാറ്റം വരും. മികച്ച സംഘടനാ സംവിധാനമുള്ള സി.പി.എമ്മിനെ സംബന്ധിച്ച് നഷ്ടപ്പെട്ട പേര് വളരെ വേഗത്തില്‍ തിരിച്ചുപിടിക്കാനുമാകും. അതാണ് കോണ്‍ഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്.
മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം എന്നുതന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. അവര്‍ക്കുവേണ്ടതും മുഖ്യമന്ത്രിയെ തന്നെയാണ്. ശശിയേയോ എ.ഡി.ജി.പിയേയോ അല്ല. സ്വയം പ്രതിക്കൂട്ടിലാകും എന്നതിനാലാണ് മുഖ്യമന്ത്രി ഈ ആവശ്യത്തെ നിരാകരിച്ചത്. അല്ലെങ്കില്‍ അദ്ദേഹത്തിന് നിസാരമായി എ.ഡി.ജി.പിയെ മാറ്റാവുന്നതേയുള്ളു. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം എല്‍.ഡി.എഫ് യോഗം വരെ കാത്തിരിക്കേണ്ട ആവശ്യവുമില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്‍ രാഷ്ട്രീയമായി ക്ഷീണിതനായിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് അദ്ദേഹത്തിന്റെ പതനം ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ക്ക് നേരിട്ട് എതിര്‍ക്കാന്‍ പറ്റുകയില്ല. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സി.പി.എമ്മില്‍ സാധിക്കില്ലല്ലോ. മുഖ്യമന്ത്രിയെ വച്ചുകൊണ്ട് ഒരുപാടു കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിനും മുന്നണിയിലെ ഘടകക്ഷികള്‍ക്കും അറിയാം.
ഇങ്ങനെയൊരു സമയത്താണ് നിലമ്പൂര്‍ എം.എല്‍.എ ഒരു ചാവേറായി രംഗത്ത് വന്നത്. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ.ഡി.ജി.പിയേയും പുറത്താക്കി മുഖ്യമന്ത്രിയുടെ പതനം എളുപ്പത്തിലാക്കാം എന്നാണ് ഇതിവഴി പിന്നിലുള്ളവര്‍ ആലോചിക്കുന്നതെന്നും ജയശങ്കര്‍ പറയുന്നു