by webdesk1 on | 17-09-2024 08:41:46
തിരുവനന്തപുരം: പത്ത് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ആധാര്‍ പുതുക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ വേഗം പുതുക്കിക്കോളൂ. അല്ലേല്‍ ചിലപ്പോള്‍ ആധാര്‍ കാര്‍ഡ് തന്നെ പ്രവര്‍ത്തന രഹിതമായേക്കാം. ഡിസംബര്‍ 14 വരെ ആധാര്‍ സൗജന്യമായി പുതുക്കാന്‍ കാലാവധി നീട്ടിയിട്ടുണ്ട്.
സെപ്റ്റംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. ഇതാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു.
തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനായി പുതുക്കാനാകൂ. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി സേവനം ലഭിക്കാന്‍ 50 രൂപ ഫീസ് നല്‍കണം.
ആധാര്‍ കാര്‍ഡ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം:
* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
* എന്റെ ആധാര്‍ മെനുവിലേക്ക് പോകുക.
* നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* അപ്ഡേറ്റ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്ത്, തുടരുക എന്നത് തിരഞ്ഞെടുക്കുക
* ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
* ക്യാപ്ച വെരിഫിക്കേഷന്‍ നടത്തുക
* ഒട്ടിപി നല്‍കുക
* ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്ഡേറ്റ് ചെയ്യാന്‍ വിശദാംശങ്ങളുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങള്‍ നല്‍കുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക
* നല്‍കിയ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക
ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ 10 വര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്ന നിര്‍ദേശം പുതിയതല്ലെന്നു സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) വ്യക്തമാക്കി. മുഖത്തിനും മറ്റും വ്യത്യാസം വരാമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെങ്കിലും ഇതു നിര്‍ബന്ധമാക്കിയിട്ടില്ല. വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ കാര്‍ഡ് അസാധുവാകില്ലെങ്കിലും പ്രത്യക സാഹചര്യത്തില്‍ പ്രവര്‍ത്തന രഹിതമായേക്കാമെന്നും അതോറിഖ്ഖി വ്യക്തമാക്കുന്നു.
കണ്ണ്, വിരല്‍ അടയാളങ്ങളും മുഖത്തിന്റെ ചിത്രവുമാണു ബയോമെട്രിക് വിവരങ്ങളായി ശേഖരിക്കുന്നത്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പിന്നീടു പുതുക്കണം. അഞ്ചു വയസിനും 15 വയസിനും ഇടയില്‍ ഇതു പൂര്‍ത്തിയാക്കണം. 17 വയസിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും.
വിവരങ്ങള്‍ പുതുക്കുമ്പോള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും. 15 വയസിനു ശേഷം 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്നാണു നിര്‍ദേശം. അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവ കാരണം രേഖകള്‍ക്കു മാറ്റമുണ്ടാകാമെന്നതിനാലാണിത്. നമ്പരോ കാര്‍ഡോ പ്രവര്‍ത്തിക്കാതെ വന്നാലും വിവരങ്ങള്‍ വീണ്ടും നല്‍കണം.