by webdesk1 on | 25-11-2024 10:08:21
മുംബൈ: തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് സി.എന്‍.ജി വില വര്‍ധിപ്പിച്ച് കമ്പനികള്‍. കിലോയ്ക്ക് 2 രൂപയാണ് കൂട്ടിയത്. ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ വില വര്‍ധനവ് ഇല്ല. അതേസമയം ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ വില വര്‍ധിച്ചിട്ടുണ്ട്.
മുംബൈയിലും രാജ്യത്തെ മറ്റപ പല നഗരങ്ങളിലും സിഎന്‍ജി വില കിലോഗ്രാമിന് 2 രൂപ വര്‍ധിപ്പിച്ചു. വില വര്‍ധനയുടെ കാരണം ഇതുവരെ കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു മാസമായി സി.എന്‍.ജിയുടെ ചില്ലറ വില്‍പന വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വില വര്‍ധന പ്രാബല്യത്തില്‍ വരികയായിരുന്നു. ഇതോടെ മുംബൈയില്‍ സി.എന്‍.ജി വില കിലോയ്ക്ക് 77 രൂപ ആയി.
ഹരിയാനയിലെ ഗുരുഗ്രാമില്‍ സി.എന്‍.ജി കിലോഗ്രാമിന് 82.12 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സി.എന്‍.ജി നിരക്ക് കിലോഗ്രാമിന് 75.09 രൂപയായി മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയിലെ സി.എന്‍.ജി വിലയിലും മാറ്റം സംഭവിച്ചേക്കാം.