by webdesk1 on | 17-09-2024 09:11:03
മുംബൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്ക്വാദിന്റെ പ്രസ്താവനയെ തള്ളി ബി.ജെ.പി. ഗെയ്ക്വാദിന്റെ അഭിപ്രായങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ രംഗത്തെത്തി.
യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയുടെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ നാവ് അരിയണമെന്നും 11 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്നും സഞ്ജയ് പ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസ് അവരുടെ യഥാര്‍ഥമുഖം തുറന്നുകാട്ടുകയാണെന്നും ഗെയ്ക്വാദ് വാര്‍ത്താഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
മറാത്തകള്‍, ധംഗര്‍മാര്‍, ഒബിസികള്‍ തുടങ്ങിയ സമുദായങ്ങള്‍ സംവരണത്തിനായി പോരാടുകയാണ്. ഈ ഘട്ടത്തിലാണ് സംവരണാനുകൂല്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ സംസാരിക്കുന്നത്. രാജ്യത്തെ 400 വര്‍ഷം പിന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് സഞ്ജയ് ആരോപിച്ചു.
ഇത് ആദ്യമായല്ല സഞ്ജയ് ഗെയ്ക്വാദ് വിവാദങ്ങളില്‍ പെടുന്നത്. 1987ല്‍ താന്‍ കടുവയെ വേട്ടയാടിയെന്നും അന്നുമുതല്‍ അതിന്റെ പല്ല് മാലയില്‍ ധരിച്ചിരുന്നുവെന്നും ഗെയ്ക്വാദ് പറഞ്ഞത് വലിയ വിവാദമായി. തുടര്‍ന്ന് മഹാരാഷ്ട്ര വനം വകുപ്പ് കടുവയുടെ പല്ല് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും വന്യജീവി സംരക്ഷണ നിയമപ്രകാരം ഗെയ്ക്വാദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.