by webdesk1 on | 18-09-2024 11:44:00 Last Updated by webdesk1
ന്യൂഡല്‍ഹി: ഒന്നാം മോദി സര്‍ക്കാരിന്റെ മുതല്‍ ബി.ജെപി ഉയര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ പ്രഖ്യാപനം നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകളെ എത്രത്തോളം മറികടക്കാനാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന രാഷ്ട്രീയമായ വെല്ലുവിളി.
ലോക്‌സഭ, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്ന ആശയം 1952 മുതല്‍ 1967 വരെ നടപ്പാക്കി പോന്നിരുന്നതാണ്. 1967 ല്‍ പാര്‍ലമെന്റ് നേരത്തെ പിരിച്ചുവിട്ടതോടെ തിരഞ്ഞെടുപ്പുകളുടെ ക്രമം നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ അസ്ഥിരമാവുകയും നിയമസഭകള്‍ പിരിച്ചുവിടേണ്ടി വരുകയും ചെയ്തു. സ്വാഭാവികമായും എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താന്‍ സാധിക്കാതെ വന്നു. തിരഞ്ഞെടുപ്പ് അങ്ങനെ പല സമയങ്ങളിലായിട്ടാണ് പിന്നീട് നടന്നത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കിയാല്‍ ഇതില്‍ മാറ്റം വരും. തിരഞ്ഞെടുപ്പുകള്‍ കുറയ്ക്കുകയും അതിനായി വിനിയോഗിക്കപ്പെടുന്ന പണത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാനാകും ആകും. എന്നാല്‍ ആശയം മോശമായ സാഹചര്യം ആയിരിക്കും ഉണ്ടാക്കാന്‍ പോവുക എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്ക.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന് ഇത്തരമൊരു ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ല. സ്‌പെഷ്യല്‍ മജോറിറ്റി വേണം ഇത്തരമൊരു ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍. ഭരിക്കുന്ന സര്‍ക്കാരിനും സഖ്യ കക്ഷികള്‍ക്കും സ്‌പെഷ്യല്‍ മജോറിറ്റി ഇല്ല. അത് ലഭിക്കണമെങ്കില്‍ പ്രതിപക്ഷത്തെ ആശ്രയിക്കണം. പ്രതിപക്ഷത്തിരിക്കുന്ന 230 അംഗങ്ങളും ഇതിനെ പിന്തുണക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ ഇത് പാസാക്കാന്‍ പ്രയാസമായിവരും. പാര്‍ലമെന്റ് പാസാക്കാതെ ഇത് മുന്നോട്ട് പോകില്ല എന്നതും വസ്തുതയാണ്.
പാസാക്കുകയാണെങ്കില്‍ പോലും ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന് നിരവധി ഭരണഘടനാ ഭേദഗതികള്‍ അടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാലാവധി കഴിഞ്ഞിട്ടില്ലാത്ത നിയമസഭകള്‍ പിരിച്ചുവിടേണ്ടി വരും. സഭകള്‍ പിരിച്ചുവിടണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണം. സഭകള്‍ പിരിച്ചുവിടുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. മുഖ്യമന്ത്രിയാണ് ശുപാര്‍ശ ചെയ്യേണ്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി സമന്വയിപ്പിച്ച് വേണം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ നടത്താന്‍ എന്ന ഭരണഘടനാഭേദഗതി കൊണ്ടുവരിക മാത്രമാണ് അതിനുള്ള മാര്‍ഗം.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം 2029 ല്‍ നടപ്പാക്കണമെങ്കില്‍ ഇതിനായുള്ള നടപടികള്‍ ഇപ്പോഴെ ആരംഭിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി പലസംസ്ഥാനങ്ങളിലേയും സര്‍ക്കാരുകളെ കാലാവധി തീരുന്നതിന് മുന്‍പ് തന്നെ പിരിച്ചുവിടേണ്ടി വരും. കഴിഞ്ഞ വര്‍ഷമാണ് ഹിമാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, കര്‍ണാടക, തെലങ്കാന, മിസോറാം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാരുകള്‍ അധികാരമേറ്റത്. ഈ സര്‍ക്കാരുകളുടെ കാലാവധി 2028ല്‍ അവസാനിക്കും. 2029ല്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പുതിയ സര്‍ക്കാരിന്റെ കാലാവധി ഒരുവര്‍ഷമോ അതില്‍ താഴയോ ആയിരിക്കും.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക 2027ലാണ്. അതായത് സര്‍ക്കാരിന് ലഭിക്കുക രണ്ട് വര്‍ഷത്തെ കാലാവധി മാത്രമായിരിക്കും. അതുപോലെ, തമിഴ്നാട്, അസം, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങിയേക്കും. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ 2026ലാണ് ഇനി തിരഞ്ഞെടുപ്പ്. അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുക.
അങ്ങനെ തിരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ എല്ലാ നിയമസഭകളും അഞ്ച് വര്‍ഷം നില്‍ക്കണം എന്നില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട് സര്‍ക്കാരുകള്‍ താഴെവീഴുന്നത് പോലുള്ള സാഹചര്യങ്ങള്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ സഭകള്‍ പിരിച്ചുവിടേണ്ട അവസ്ഥ ഉണ്ടാക്കും. അങ്ങനെ പിരിച്ച്വിട്ടാല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. അങ്ങനെ എങ്കില്‍ എത്ര തിരഞ്ഞെടുപ്പുകള്‍ അപ്പോള്‍ രാജ്യത്ത് നടത്തേണ്ടി വരുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.