by webdesk1 on | 24-09-2024 08:40:47
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ദുരന്തബാധിതര്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ഇനിയും ലഭിക്കാത്തവരാണ് പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ പിന്തുണയോടെ ഉപരോധ സമരം നടത്തിയത്.
745 പേര്‍ക്കാണ് സര്‍ക്കാര്‍ 10,000 രൂപ അനുവദിച്ചത്. ഇതില്‍ മുന്നൂറ്റമ്പതോളം പേര്‍ക്ക് ഇനിയും തുക ലഭിക്കാനുണ്ട്. രണ്ടു ദിവസം മുമ്പും തുക അനുവദിക്കാത്തതില്‍ പ്രതിഷേധം നടത്തിയിരുന്നു. ദുരിത ബാധിതരല്ലെന്ന കാരണം പറഞ്ഞാണ് പണം നല്‍കാത്തതെന്നാണ് ലഭിക്കുന്ന വിവരം.
നീലിക്കാപ്പ്, പഴയവില്ലേജ് റോഡ്, മാട്ടറക്കുന്ന്, പുതിയ വില്ലേഡ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. എന്നാല്‍ ദുരന്തം സാരമായി ബാധിച്ചവരാണ് ഈ പ്രദേശത്തുള്ളവര്‍. ഇവരാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവര്‍ക്കുള്ള ധനസഹായത്തില്‍ വലിയ അപകതകളാണ് വന്നിരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ദുരിതത്തിലായവരില്‍ പലര്‍ക്കും സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ പട്ടിക തയാറാക്കുന്നതില്‍ തുടക്കം മുതലെ വീഴ്ച പറ്റിയെന്ന് ജനപ്രതിനിധികള്‍ പോലും ആരോപിക്കുന്നു.
ഉരുള്‍പൊട്ടലില്‍ വീടുള്‍പ്പെടെ സകലതും നഷ്ടമായവരെ ബന്ധുക്കളും മറ്റും കൂട്ടിക്കൊണ്ടുപോയി. വലിയ നാശം സംഭവിക്കാത്തവരാണ് ക്യാംപുകളില്‍ കഴിഞ്ഞത്. ക്യാംപിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി രേഖപ്പെടുത്തി. എന്നാല്‍ വീടുകളിലേക്ക് മാറിത്താമസിച്ചവരുടെ പേരുകള്‍ ചേര്‍ക്കുന്നതില്‍ വീഴ്ച പറ്റി.
പ്രദേശിക നേതാക്കളുടെ സഹായത്തോടെ പട്ടിക തയാറാക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പുറത്തുനിന്നുവന്ന ഉദ്യോഗസ്ഥരാണ് പട്ടിക തയാറാക്കിയത്. ദുരിതം കൂടുതല്‍ ബാധിച്ചവരെ തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി.
പ്രതിദിനം 300 രൂപ വീതം നല്‍കുന്നതിലും ഇതേ പാളിച്ച വന്നിട്ടുണ്ട്. ദുരിത ബാധിതര്‍ നിരന്തരം പരാതിപ്പെടുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ആയില്ല. മേപ്പാടിയിലും കല്‍പറ്റയിലും സ്ഥലം പരിഗണനയിലുണ്ട്. അതേ സമയം സന്നദ്ധ സംഘടകളും മറ്റും സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തി വീടു നിര്‍മാണം ആരംഭിച്ചു.