by webdesk1 on | 10-10-2024 06:17:09
മുംബൈ: ലോകം കീഴടക്കാന്‍ ടാറ്റയ്ക്കു കരുത്തേകിയ വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്‌സുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ജെ.ആര്‍.ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബര്‍ 28നു ജനിച്ച രത്തന്‍ ടാറ്റ അവിവാഹിതനാണ്. യുഎസില്‍ ആര്‍ക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.
1962ല്‍ ടാറ്റ സ്റ്റീലില്‍ ട്രെയ്‌നിയായി ജോലിയില്‍ പ്രവേശിച്ചു. 1981ല്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി. 1991ല്‍ ജെ.ആര്‍.ഡി ടാറ്റയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു.
ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു.
6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വര്‍ഷത്തിനിടയില്‍ വരുമാനം 40 മടങ്ങ് വര്‍ദ്ധിച്ചു. അതുപോലെ ലാഭത്തിലും 50 മടങ്ങ് വര്‍ദ്ധനവുണ്ടായി.
അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ടാറ്റ ഗ്രൂപ്പ് ടെറ്റ്ലി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ് എന്നിവ കമ്പിനികളെ ഏറ്റെടുത്തു. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു. മിത്‌സുബിഷി കോര്‍പറേഷന്‍, ജെ.പി മോര്‍ഗന്‍ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിലും അംഗമായിരുന്നു.
ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തന്‍ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്‍കയ്യെടുത്തു. 2000ല്‍ പത്മഭൂഷണും 2008ല്‍ പത്മവിഭൂഷണും ലഭിച്ചു. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെതേടിയെത്തി.