by webdesk1 on | 10-10-2024 08:03:50
തിരുവനന്തപുരം: ഗുണ്ടാ തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെയും നടന് ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നിര്‍ദേശം.
നടി പ്രയാഗ മാര്‍ട്ടിനും നടന് ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന് സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര് വേറെയുമുണ്ടായിരുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. റിമാന്‍ന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള 20 പേരില്‍ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയില്‍ ഈ റിപ്പോര്‍ട്ട് ഗുണം ചെയ്യും.
കേസില്‍ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്റെ ഫോണ്‍ പരിശോധനയില്‍ തമ്മനം ഫൈസളിന്റെ ഫോണ്‍ നമ്പര്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഹോട്ടല്‍ മുറിയിലെ ഫോറന്‍സിക്ക് പരിശോധന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ അലന് വാക്കറുടെ ഡി.ജെ ഷോയില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ സെവന് സ്റ്റാര്‍ ഹോട്ടലില്‍ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പോലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയില്‍ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു.
എല്ലാത്തിനും ചുക്കാന്‍ പിടിച്ചതും പാര്‍ട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവന്‍ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പോലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.