by webdesk1 on | 10-10-2024 08:28:04
കൊച്ചി: തിരക്കേറിയ റൂട്ടുകളില്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ക്ക് പകരമായി വന്ദേ മെട്രോ എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത 10 നമോ ഭാരത് ട്രെയിനുകള്‍ കേരളത്തിലേക്ക്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നേരത്തെ ശുപാര്‍ശ ചെയ്ത 10 റൂട്ടുകള്‍ക്കായാണ് ട്രെയിന്‍ എത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ട്രെയിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ മിനിപതിപ്പാണ് നമോ ഭാരത് ട്രെയിനുകള്‍. തിരുവനന്തപുരം ഡിവിഷന് കീഴില്‍, കൊല്ലം-തൃശൂര്‍, കൊല്ലം-തിരുനെല്‍വേലി, തിരുവനന്തപുരം-എറണാകുളം, ഗുരുവായൂര്‍-മധുര എന്നീ റൂട്ടുകളില്‍ നമോ ഭാരത് ഉണ്ടാകുമെന്ന് അധികൃതര്‍ സൂചന നല്‍കുന്നു.
എറണാകുളത്തേക്കുള്ള സര്‍വീസുകളില്‍ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമായിരിക്കും. അങ്ങനെയാണെങ്കില്‍ കൊല്ലം-തൃശൂര്‍ നമോ ഭാരത് ട്രെയിനിന്റെ സര്‍വീസ് ആലപ്പുഴ വഴിയായേക്കും. പൂര്‍ണമായും എസി കോച്ചുകളാണ് നമോ ഭാരതിലുണ്ടാവുക. ഈ ട്രെയിനിലെ കുറഞ്ഞ ടിക്കറ്റ് 30 രൂപയാണ്. ട്രെയിന്‍ ടിക്കറ്റ് പാസഞ്ചറിന് സമാനമായി അതത് സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍ നിന്നു ലഭിക്കും.
സ്ഥിരം യാത്രക്കാരുടെ സൗകര്യത്തിനായി സീസണ്‍ ടിക്കറ്റുകളും ലഭിക്കും. പ്രതിവാര, പ്രതിമാസ ടിക്കറ്റുകള്‍ പ്രതിദിന യാത്രക്കാര്‍ക്ക് ഉപകാരപ്പെടും. കുട്ടികളുടെ കുറഞ്ഞ നിരക്ക് അഞ്ചു രൂപയായിരിക്കും. രാജ്യത്തെ ആദ്യ ആദ്യ നമോ ഭാരത് റാപ്പിഡ് റെയില്‍ ട്രെയിന്‍ സെപ്റ്റംബര്‍ 16ന് അഹമ്മദാബാദ് - ഭുജ് റൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.
ഹൃസ്വദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന നമോ ഭാരത് ട്രെയിനിന് എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങളുണ്ടെങ്കിലും നിരക്ക് കുറവാണ്. നമോ ഭാരത് ട്രെയിനില്‍ ഭക്ഷണം ഉണ്ടാകില്ല. എട്ട് മുതല്‍ 16 കോച്ചുകള്‍ വരെയാണ് നമോ ഭാരത് ട്രെയിനുകള്‍ക്ക് ഉണ്ടാവുക. സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരിക്കാനും 185 പേര്‍ക്ക് നിന്നു യാത്ര ചെയ്യാനും കഴിയും.