by webdesk1 on | 10-10-2024 08:33:05
തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കാരം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണിത്. തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിഴലിച്ചു നില്‍ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.