News Kerala

സ്തുതിപാഠകരുടെ വാഴ്ത്തുപാട്ടുകളില്‍ മതിമറന്ന് പിണറായി: നിയമസഭയില്‍ മത്സരിച്ച് പുകഴ്ത്തല്‍; ഇതോ ഇടത് ശൈലി?

Axenews | സ്തുതിപാഠകരുടെ വാഴ്ത്തുപാട്ടുകളില്‍ മതിമറന്ന് പിണറായി: നിയമസഭയില്‍ മത്സരിച്ച് പുകഴ്ത്തല്‍; ഇതോ ഇടത് ശൈലി?

by webdesk1 on | 10-10-2024 09:25:23

Share: Share on WhatsApp Visits: 40


സ്തുതിപാഠകരുടെ വാഴ്ത്തുപാട്ടുകളില്‍ മതിമറന്ന് പിണറായി: നിയമസഭയില്‍ മത്സരിച്ച് പുകഴ്ത്തല്‍; ഇതോ ഇടത് ശൈലി?


തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ മുഴങ്ങിയത് പിണറായി സ്തുതികള്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്ത് പാട്ടുകളിലൂടെയാണ് മന്ത്രമാര്‍ വരെ പ്രതിരോധിച്ചത്. പാര്‍ട്ടിയില്‍ വ്യക്തിപൂജയും വ്യക്തിആരാധനയും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വരെ ഇത്തരത്തില്‍ പുകഴ്ത്തല്‍ നടത്തുന്നത്.

കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനന്‍ എന്ന വിജയനെപ്പോലെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയന്‍ എന്നു പറഞ്ഞ് കടകംപള്ളി സുരേന്ദ്രനാണ് തുടക്കമിട്ടത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ലെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്റെ കണ്ടെത്തല്‍. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കുമെന്നും വാസവന്‍ പറഞ്ഞു.

പൂരം കലക്കലില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ടാണെന്നു പറഞ്ഞ കടകംപള്ളി പിണറായിയുടെ ജനനം തൊട്ടുള്ള കാര്യങ്ങള്‍ സഭയില്‍ എഴുതിവായിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തു തെളിയിച്ച നേതാവാണ് പിണറായി വിജയനെന്ന് തുടര്‍ന്ന് പ്രസംഗിച്ച എം.രാജഗോപാല്‍ പറഞ്ഞു. കേരളം പോറ്റിവളര്‍ത്തിയ ദേശീയ രാഷ്ട്രീയത്തിലെ മതനിരപേക്ഷതയുടെ ഏറ്റവും വലിയ പ്രചാരകനും സംഘാടകനുമാണ് പിണറായി. അതുകൊണ്ടാണ് സ്വന്തം ഭൂമി വിറ്റെങ്കിലും പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് പണം കൊടുക്കുമെന്ന് സംഘപരിവാറുകാരന്‍ പ്രഖ്യാപിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.

തുടര്‍ന്നുള്ള ഊഴം മന്ത്രി വി.എന്‍. വാസവന്റേതായിരുന്നു. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച തളിരല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വി.എന്‍.വാസവന്‍ പറഞ്ഞു. കേരളത്തില്‍ മതനിരപേക്ഷത തകരാതെ സൂക്ഷിക്കാന്‍ മുന്നോട്ടുവന്ന ധീരനായ പോരാളിയാണ് പിണറായി. തലശേരിയില്‍ പള്ളിക്കു കാവല്‍നിന്ന നേതാവ് ആരെന്നു ചോദിച്ചാല്‍ ഈ സഭയില്‍ ഒരാളേ ഉള്ളൂ, അത് പിണറായി വിജയനാണ്.

പിണറായി വിജയനെപ്പോലെ ആകാനാണ് വി.ഡി. സതീശന്‍ ശ്രമിക്കുന്നത്. ആയിരം സതീശന്മാര്‍ വന്നാലും അര പിണറായി വിജയന്‍ ആകില്ല. അദ്ദേഹം കടന്നുവന്ന വഴിത്താരകള്‍ അതാണ്. സഹനശക്തിക്ക് ഓസ്‌കര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായി വിജയന് ഉള്ളതായിരിക്കും. എതിര്‍പ്പുകള്‍ അവഗണിച്ച് മാറാട് സന്ദര്‍ശിച്ച ആളാണ് പിണറായി വിജയന്‍ എന്നും വാസവന്‍ പറഞ്ഞു.

നവകേരളസദസിന്റെ സമയത്തെ പിണറായി സ്തുതികള്‍ ഏറെ ചര്‍ച്ചയായിരുന്നു. ദൈവം കേരളത്തിനു നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് അന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കു കത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ ചിലര്‍ പ്രാകുകയാണെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍.

പിണറായി വിജയനെ സ്തുതിക്കുന്ന പാട്ടുകള്‍ പുറത്തുവന്നതും ചര്‍ച്ചയായിരുന്നു. എതിരാളികള്‍ക്ക് അടുത്തെത്താന്‍പോലും പറ്റാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അടുത്തെത്തിയാല്‍ സൂര്യസാമീപ്യത്തിലെന്ന പോലെ കരിഞ്ഞുപോകുമെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. 2022ല്‍ പാറശാല ഏരിയാ കമ്മിറ്റി പിണറായിയെ സ്തുതിച്ച് അവതരിപ്പിച്ച മെഗാ തിരുവാതിരയും വിവാദമായിരുന്നു.

കണ്ണൂരില്‍ പി.ജയരാജനെ വാഴ്ത്തുന്ന പാട്ടുകളും ബോര്‍ഡുകളും സമൂഹമാധ്യമ പ്രചാരണങ്ങളും വന്നത് വലിയ വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ജയരാജനെ ശാസിക്കുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അന്ന് പിണറായി വിജയനെ അര്‍ജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ചാണു ബോര്‍ഡുകള്‍ വച്ചിരുന്നത്. കേരളത്തില്‍ വ്യക്തി ആരാധന ഇതിനു മുന്‍പ് ഇത്രത്തോളം ഉണ്ടായിട്ടില്ലെന്നും അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരെ ദോഷമാണെന്നും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment