by webdesk1 on | 11-10-2024 10:02:06
കോഴിക്കോട്: അന്‍വറിനെതിരെ സി.പി.എം പ്രാദേശിക നേതാക്കള്‍ നടത്തിയ കൈയ്യും വെട്ടും കാലും വെട്ടും മുദ്രാവാക്യത്തിന് പിന്നാലെ പാര്‍ട്ടിയുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ വക കൊലവിളി മുദ്രാവാക്യം. യു.ഡി.എസ്.എഫ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് അരിയില്‍ ഷുക്കൂറിന്റെ ഗതി വരും എന്നായിരുന്നു പ്രവര്‍ത്തകര്‍ ഏറ്റുവിളിച്ചത്. കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിന് ശേഷമായിരുന്നു ഡി.വൈ.എഫ്.ഐയുടെ കൊലവിളി മുദ്രാവാക്യം.
യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ചു സീറ്റുകള്‍ യു.ഡി.എസ്.എഫ് വിജയിച്ചത് എസ്.എഫ്.ഐ പ്രകോപിപ്പിച്ചിരുന്നു. തുര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതറിഞ്ഞ് കോളജില്‍ എത്തിയതാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ പി.എ വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് യു.ഡി.എസ.്എഫ് ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കോളജില്‍ ചരിത്രത്തില്‍ ആദ്യമായാണ് യു.യു.സി അടക്കമുള്ള അഞ്ച് സീറ്റുകളില്‍ യു.ഡി.എസ്.എഫ് വിജയിച്ചത്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുന്‍ എം.എല്‍.എ ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടങ്കലില്‍ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്.