by webdesk1 on | 12-10-2024 07:24:33
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും രാജ്ഭവനിലേക്ക് അയയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി. ഇരുവരേയും വിടാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഇനി ഇവര്‍ രാജ്ഭവനിലേക്ക് ഒരാവശ്യത്തിനും വരണ്ടതില്ല എന്നാണ് ഗവര്‍ണര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നിന്നാല്‍ സംസ്ഥാന ഭരണം തന്നെ പ്രതിസന്ധിയിലേക്ക് നിങ്ങും.
നിയമനിര്‍മാണത്തിനുള്ള കരട് ബില്ലുകളിലും ഓര്‍ഡിനന്‍സിലും വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും വകുപ്പ് സെക്രട്ടറിമാരെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിക്കാറുണ്ട്. ഔദ്യോഗിക, നിയമ തലങ്ങളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാരെക്കാള്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് കഴിയുക. മിക്കപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുമ്പോള്‍ വകുപ്പ് സെക്രട്ടറിമാരെ കൂട്ടാറുമുണ്ട്. രണ്ടാഴ്ചമുന്‍പും ഓര്‍ഡിനന്‍സില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു.
ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിച്ചാല്‍ ബില്ലുകളിലും ഓര്‍ഡിനന്‍സിലും വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ടിവരും. ഇത് ഭരണനിര്‍വഹണ സംവിധാനത്തെ അവതാളത്തിലാക്കും. അതുകൊണ്ട് പ്രശ്‌നം എത്രയും വേഗം രമ്യതയില്‍ പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തില്‍ വിശദീകരണംതേടി സെപ്റ്റംബര്‍ 10 നാണ് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ അതിന് ഒക്ടോബര്‍ എട്ടിന് മാത്രമാണ് മറുപടിനല്‍കിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. കത്ത് അവഗണിക്കുകയും തന്നില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കുകയുമായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഈ സാഹചര്യത്തിലാണ് താന്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രാജ്ഭവന് വിശദീകരണം നല്‍കുന്നില്ലെന്നുമാത്രമല്ല ഉദ്യോഗസ്ഥരെ അതിന് അനുവദിക്കുന്നുമില്ല.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം രാഷ്ട്രപതിയെ അറിയിക്കുക തന്റെ ഉത്തരവാദിത്വമാണ്. ദേശവിരുദ്ധപ്രവര്‍ത്തനം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത് മുഖ്യമന്ത്രിയാണ്. ഇക്കാര്യം തന്നെ അറിയിക്കാത്തതെന്താണെന്നാണ് താന്‍ ചോദിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.