by webdesk1 on | 12-10-2024 07:35:17
വാഷിങ്ടണ്‍: വരുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണം അന്തിമഘട്ടത്തിലാണ് ഇപ്പോള്‍. സ്ഥാനാര്‍ഥികളായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരീസും പൊരിഞ്ഞ പോരാട്ടത്തിലാണ്. സര്‍വേകളില്‍ മുന്‍തൂക്കം കമല ഹാരീസിനായതിനാല്‍ ഏത് വിധേയനേയും ജയിക്കാനുള്ള കരുക്കങ്ങള്‍ നീക്കുകയാണ് ട്രംപ്. ഇതിനിടെ തന്റെ ഭരണകാലത്ത് വ്യക്തപരമായും നയപരമായും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഇന്ത്യയ്‌ക്കെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.
ഇറക്കുമതിക്ക് ഇന്ത്യ കൂടുതല്‍ നികുതി ചുമത്തുന്നുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോപണം. ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യയത് നടപ്പാക്കുന്നത്. അധികാരത്തിലെത്തിയാല്‍ ഇതേ പാത തിരിച്ചും സ്വീകരിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ സാമ്പത്തികപുരോഗതിയാണ് പദ്ധതിയുടെ ഉദ്ദേശ്യം. കുറഞ്ഞനികുതി എന്ന മികച്ച നയത്തിന് തുടക്കമിട്ടത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് നികുതി ഈടാക്കാന്‍ അമേരിക്കയ്ക്ക് താത്പര്യമില്ലെന്നും പറഞ്ഞു. പക്ഷേ, ചൈന അമേരിക്കയ്ക്കുമേല്‍ 200 ശതമാനം നികുതി ചുമത്തുന്നു, ബ്രസീലും പിറകിലല്ല. എങ്കിലും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍.
പ്രസിഡന്റായിരുന്ന സമയത്ത് ഹാര്‍ലി ഡേവിഡ്‌സണുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഏതു രാജ്യത്തെ വ്യവസായമാണ് മോശമെന്നു ചോദിച്ചപ്പോള്‍ ഇന്ത്യയാണെന്നായിരുന്നു മറുപടി. നികുതിയായിരുന്നു കാരണമെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തിയശേഷമാണ് ട്രംപ് നികുതിയുടെ കാര്യംപറഞ്ഞ് ഇന്ത്യക്കെതിരേ നിശിതവിമര്‍ശനം നടത്തിയത്.