by webdesk1 on | 13-10-2024 07:51:02
ജറുസലം: ഭീകരവാദ സംഘടനയായ ഹമാസിനെതിരായ പോരാട്ടം തുടരുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 29 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 19 പേരും ജബാലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
നാലുഭാഗത്തുനിന്നും ഇസ്രയേല്‍ സൈന്യത്താല്‍ വളയപ്പെട്ട ജബാലിയയില്‍ നാലുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു.
ഹമാസ് വീണ്ടും സംഘംചേരുന്നതു തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം. കൊടുംപട്ടിണിയില്‍ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയില്‍ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യും വ്യക്തമാക്കി.
അതേസമയം സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരസംഘടനയുടെ ക്യാംപുകള്‍ ലക്ഷ്യമിട്ട് അമേരിക്കയും വ്യോമാക്രമണം നടത്തി. വള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്ക വെളിപ്പെടുത്തിയത്.
സിറിയയിലെ ഏതു മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയില്ല. മേഖലയില്‍ ഐഎസ് നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതിനാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസിനെതിരെ പോരാടുന്ന യു.എസ് പിന്തുണയുള്ള സേനയ്‌ക്കൊപ്പം 900 യുഎസ് സൈനികരെയും കിഴക്കന്‍ സിറിയയില്‍ വിന്യസിച്ചു. ഇറാഖിലും സിറിയയിലും ഐ.എസ് സ്ലീപ്പര്‍ സെല്ലുകളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി.
യു.എസിനും സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നടത്താനുമുള്ള ഐ.എസ് സംഘത്തിന്റെ കഴിവ് ഈ വ്യോമാക്രമണങ്ങള്‍ തടസപ്പെടുത്തുമെന്ന് യു.എസ് സൈന്യം പറഞ്ഞു.