by webdesk1 on | 13-10-2024 08:21:22
ന്യൂയോര്‍ക്ക്: നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഇന്ത്യന്‍ വംശജ കമല ഹാരിസിന് പിന്തുണയുമായി സാക്ഷാല്‍ എആര്‍ റഹ്മാന്‍. അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള റഹ്മാന്‍ കമലയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വിര്‍ച്വല്‍ കണ്‍സേര്‍ട്ട് റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. അത് ഞായറാഴ്ച രാത്രി എട്ട് മണിക്ക് (അമേരിക്കന്‍ പ്രാദേശിക സമയം) പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കമല ഹാരിസിന് പിന്തുണയുമായി എത്തുന്ന ആദ്യ പ്രമുഖ സൗത്ത് ഏഷ്യന്‍ കാലാകാരന്മാരില്‍ ഒരാള്‍ കൂടിയാണ് റഹ്മാന്‍. ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ (എ.എ.പി.ഐ) വിക്ടറി ഫണ്ട് എന്ന സംഘടനയുടെ പേജിലൂടെയാവും ഈ പരിപാടി പുറത്തുവിടുക. അമേരിക്കയുടെ മുന്നേറ്റത്തിന് ശബ്ദം പകരുകയാണ് റഹ്മാന്‍ ചെയ്യുന്നതെന്നായിരുന്നു സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചത്.
നിലവില്‍ കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്ന സംഘടനകളില്‍ ഒന്നാണ് എ.എ.പി.ഐ. അവര്‍ തന്നെയാണ് റഹ്മാന്റെ പിന്തുണയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതും. വിവിധ സൗത്ത് ഏഷ്യന്‍ ചാനലുകളില്‍ ഉള്‍പ്പെടെ ഈ പരിപാടി സംപ്രേഷണം ചെയ്യുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്.
മുപ്പത് മിനിറ്റ് വിര്‍ച്വല്‍ ഷോയില്‍ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും എ.എ.പി.ഐ സംഘടനയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ റഹ്മാന്‍ സംസാരിക്കുമെന്നാണ് സൂചന. ഇതില്‍ റഹ്മാന്‍ ഒരുക്കിയ ജനപ്രിയ ഗാനങ്ങളുടെ ഒരു നിര തന്നെ ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വോട്ടര്‍മാരുടെ വിഭാഗമാണ് ഇവിടുത്തെ ഇന്ത്യന്‍ സമൂഹം. അവരെ ലക്ഷ്യമിട്ടാണ് എ.ആര്‍. റഹ്മാനെ കൂടി പ്രചരണത്തിന്റെ ഭാഗമാക്കാന്‍ കമല ഹാരിസ് പക്ഷം ശ്രമിക്കുന്നത്. കൂടാതെ കമലയുടെ തമിഴ് വേരുകളും ഇതിനെ സ്വാധീനിക്കുന്ന ഘടകമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഈ വിര്‍ച്വല്‍ ഷോയുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നവംബര്‍ അഞ്ചിനാണ് യുഎസില്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപിനെയാണ് കമല ഹാരിസിന് ഇക്കുറി നേരിടാനുള്ളത്. എന്നാല്‍ ഇന്ത്യന്‍-ആഫ്രിക്കന്‍ വിഭാഗങ്ങള്‍ക്ക് ഇടയില്‍ കമലയ്ക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് റഹ്മാനെ പോലെ ലോകം ആദരിക്കുന്ന ഒരു കലാകാരന്‍ പ്രചരണത്തിന്റെ ഭാഗമാവുന്നത്.