by webdesk1 on | 14-10-2024 06:24:35 Last Updated by webdesk1
ന്യൂഡൽഹി: കേരളത്തിൽ മദ്രസയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നതെന്നും എന്നാൽ അവിടെ മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്നു തങ്ങൾക്ക് അറിയാമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ. കേരള സർക്കാർ നിരന്തരം നുണകൾ പറയുന്നവരാണെന്നും ഒരു വാർത്ത മാധ്യമത്തിന് നൽകിയ ആഭിമുഖ്യത്തിൽ അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന കമ്മീഷൻ നിർദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന അഭിപ്രായ പ്രകടനങ്ങൾ ഉയരുന്നതിനിടെയാണ് ചെയർമാന്റെ പ്രതികരണം.
കേരളത്തിൽ നിന്ന് നമുക്ക് നൽകിയ റിപ്പോർട്ട് അവിടെ മദ്രസകളില്ലെന്നും സർക്കാർ മദ്രസകൾക്ക് സഹായധനം നൽകുന്നില്ലെന്നുമാണ്. എന്നാൽ, വിവിധ വാർത്താ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ ഒട്ടേറെ മദ്രസകളുണ്ട്. കൃത്യമായ കണക്കില്ല. മാധ്യമറിപ്പോർട്ടുകൾ പ്രകാരം 2021 ജൂലായ് 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മദ്രസാ ക്ഷേമനിധിയുണ്ടെന്നും ഇതിൽ 23,809 മദ്രസാ അധ്യാപകർ അംഗങ്ങളാണെന്നുമാണ്.
സർക്കാരെന്തിനാണ് ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നതെന്ന് കേരള ഹൈക്കോടതിയും ചോദിച്ചു. കേരളത്തിലെ ഒട്ടേറെ മദ്രസകളിൽ ലൈംഗികചൂഷണം നടക്കുന്നതായും വാർത്തകളുണ്ട്.
പൊതുവിവരം പ്രകാരം അവിടെ മദ്രസകളുണ്ട്. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും എനിക്കറിയാം. എന്നാൽ കേരളം നിരന്തരം നുണകൾ പ്രചരിപ്പിക്കുകയാണ്. അവർ വിളിക്കുന്ന യോഗങ്ങൾക്ക് വരില്ല. ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല.
വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കിയിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. ഒരു കമ്യൂണിസ്റ്റ് സംസ്ഥാനം, ക്ഷേമ സംസ്ഥാനം, സ്വകാര്യ വിദ്യാലയങ്ങളിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് വാതിൽ തുറക്കുന്നില്ല. പിണറായി വിജയൻ ഇതിൽ ലജ്ജിക്കണം. അടുത്തദിവസം വിദ്യാഭ്യാസമന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യം കേരളത്തോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതു വർഷത്തെ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് റിപ്പോർട്ട്. ഇത് മദ്രസയ്ക്കും മുസ്‌ലിങ്ങൾക്കും എതിരല്ല. കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്തുന്ന സ്വാർഥതാത്പര്യക്കാർക്കെതിരാണ്. പണക്കാരുടെ മക്കൾ ഡോക്ടറും എൻജിനിയറും രാഷ്ട്രീയക്കാരുമാവുമ്പോൾ പാവങ്ങളുടെ മക്കൾ മദ്രസകളിൽ മാത്രം പഠിച്ച് ഇതിനൊന്നും പറ്റാതെയാവുന്നു.
ഏഴെട്ട് സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ ബിഹാറിൽ പഠിപ്പിക്കുന്നത് അള്ളാഹുവിനെ വിശ്വസിക്കാത്തവരെല്ലാം കാഫിറുകളാണെന്നാണ്. ഇതാണോ സർക്കാരിന്റെ സഹായത്തോടെ പഠിപ്പിക്കേണ്ടത്. ഇവിടെ ഹിന്ദു കുട്ടികളടക്കം പഠിക്കുന്നുണ്ട്. ഹിന്ദു കുട്ടികളെന്തിനാണ് സർക്കാർ ചെലവിൽ മുസ്‌ലിംമതം പഠിക്കുന്നത്.
റിപ്പോർട്ടിൽ മൂന്നു കാര്യങ്ങളാണുള്ളത്. മദ്രസബോർഡുകൾ നടത്തുന്ന മദ്രസകൾക്ക് സർക്കാർ സഹായം നൽകരുത്. മദ്രസകളിലെ എല്ലാ വിദ്യാർഥികളെയും വിദ്യാലയങ്ങളിൽ ചേർക്കണം. അവർക്ക് 14 വയസ്സാവുംവരെ ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞത് നാലുമണിക്കൂറെങ്കിലും നൽകണം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസാവകാശനിയമം എല്ലാ സംസ്ഥാനങ്ങളും പാലിക്കണം.
ആദ്യറിപ്പോർട്ട് 2021-ലാണ് പുറത്തിറക്കിയത്. ഇപ്പോഴത്തേത് അതിന്റെ തുടർച്ചയാണ്. വിവിധ സംസ്ഥാനങ്ങളിലെ മദ്രസകൾ സന്ദർശിച്ചും വിദ്യാർഥികളുമായും അധ്യാപകരുമായും സംസാരിച്ചുമാണിവ രൂപപ്പെടുത്തിയത്. മദ്രസ സന്ദർശിച്ചതിന് ചണ്ഡീഗഢിലും കർണാടകയിലും മേഘാലയ, മധ്യപ്രദേശ്, ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിലും തന്റെ പേരിൽ പോലീസ് കേസുകളുണ്ടെന്നും പ്രിയങ്ക് കനൂംഗോ പറഞ്ഞു.