by webdesk1 on | 14-10-2024 07:03:45 Last Updated by webdesk1
ജറുസലം: രണ്ടു ദിവസത്തിനിടെ രണ്ടാമതും ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം. ഇസ്രയേലിലെ ബിന്യാമിനയ്ക്കു സമീപം സൈനിക ക്യാംപിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു.
ശനിയാഴ്ച ടെൽ അവീവിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യു.എസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേർക്ക് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ബെയ്റൂട്ടിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു.