by webdesk1 on | 15-10-2024 08:55:12
ആലപ്പുഴ: മുഖ്യമന്ത്രിയുമായുള്ള പോരാട്ടത്തില്‍ തനിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സി.പി.ഐ പ്രതിക്കൂട്ടിലാക്കി പി.വി. അന്‍വര്‍ എം.എല്‍.എ. തിരഞ്ഞെടുപ്പ് സീറ്റുകള്‍ വലിയ വിലയ്ക്ക് വിറ്റ് പാര്‍ട്ടിക്കാരോടും അണികളോടും വലിയ വഞ്ചനയാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിനു മറുപടിയായി അന്‍വര്‍ പറഞ്ഞു.
25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് 2 തവണയാണ് സി.പി.ഐ വിറ്റത്. ഏറനാട്ട് തന്നെ സ്ഥാനാര്‍ഥിയാക്കിയത് ഇടതുമുന്നണി നേതാക്കളാണ്. പിന്നീട് സി.പി.ഐ ചതിച്ചു. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനെ മുസ്‌ലിം ലീഗാണു സ്വാധീനിച്ചത്. പാര്‍ട്ടി ഫണ്ടായി ലീഗ് 25 ലക്ഷം രൂപ നല്‍കി. വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ വക്കീല്‍ നോട്ടിസ് അയയ്ക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
ഏറനാട്ട് താന്‍ സ്വതന്ത്രനായി മത്സരിച്ചതല്ല, സി.പി.എമ്മും സി.പി.ഐയും നേരില്‍കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സി.പി.ഐ പിന്മാറി. ഇടതുപക്ഷ മുന്നണിയുടെ നിര്‍ദേശപ്രകാരമാണു തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. ജയിച്ചാല്‍ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഒപ്പം നില്‍ക്കുമെന്ന് 50 രൂപ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നും പറഞ്ഞു.
ക്വാറി ഉടമകളില്‍നിന്നും വലിയ ധനികരില്‍നിന്നും സി.പി.ഐ നേതാക്കള്‍ പണം വാങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലും സി.പി.ഐ നേതാക്കള്‍ കോടികള്‍ പിരിച്ചു. ഒരു രൂപ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. വയനാട്ടില്‍ പോസ്റ്റര്‍ അടിക്കാനോ പശ വാങ്ങാനോ പോലും സ്ഥാനാര്‍ഥി ആനി രാജയ്ക്കു പണമില്ലായിരുന്നു.
പണം നല്‍കിയാല്‍ ഏതു ഭൂമിയും നികത്തി കൊടുക്കും. ഭൂമി തരംമാറ്റത്തിന്റെ മറവില്‍ സി.പി.ഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എ.ഡി.ജി.പി വിഷയത്തില്‍ അവര്‍ക്ക് നിലപാടില്ല. പിണറായി വിജയന്റെ അനുജനാണു ബിനോയ് വിശ്വം. സി.പി.എമ്മിനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഇത്തിള്‍ക്കണ്ണികളാണ് സി.പി.ഐയന്നും അന്‍വര്‍ പറഞ്ഞു.
അന്‍വര്‍ എല്ലാവര്‍ക്കും ഒരു പാഠമാണെന്നു നേരത്തേ ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. അന്‍വറിനെ പോലുള്ള ആളുകള്‍ വരുമ്പോള്‍ തന്നെ അവരെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി. ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവര്‍ എന്താണോ അതാണ് അവര്‍. അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണിത്. ആ പാഠം എല്ലാവര്‍ക്കും ബാധകമാണെന്നുമാണു ബിനോയ് വിശ്വം പറഞ്ഞത്.