by webdesk1 on | 15-10-2024 08:31:41 Last Updated by webdesk1
കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ചാനലിലൂടെ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് ശേഷം എഡിറ്റ് ചെയ്ത തനിക്കെതിരെ ഉപയോഗിച്ചെന്ന് കാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ എരുമേലി പോലീസ് കേസെടുത്തു. കൃത്രിമം കാട്ടിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തന്റെ ജീവന് അപകടം വരുത്തും വിധം ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
2021 സെപ്റ്റംബര്‍ മാസം 11 ാം തീയതില്‍ ഓണ്‍ലൈന്‍ ന്യൂസിലൂടെ വന്ന വീഡിയോയുടെ 32 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും മെയ് 29ലെ വാര്‍ത്തയുടെ ഏഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും 2022 ആഗസ്റ്റ് 13ല്‍ വന്ന വീഡിയോയിലെ 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും 2023 മെയ് 29 ന് വന്ന വാര്‍ത്താ വീഡിയോയുടെ ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും കട്ട് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ഷാജന്റെ പരാതി.
തന്റെ ഷര്‍ട്ട് ഊരി തോലി ഉരിഞ്ഞ് സമൂഹത്ത് മുന്നില്‍ നിര്‍ത്തുമെന്നും വര്‍ഗീയവാദി മതരാഷ്ട്രവാദി എന്ന പ്രയോഗങ്ങള്‍ക്ക് പ്രത്യേകം സമ്മാനം ഉണ്ട് എന്ന പദപ്രയോഗത്തിലൂടെ തന്നെ അപായപ്പെടുത്തുമെന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ഷാജന്‍ പരാതിയില്‍ പറയുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സമൂഹത്തിന് മുന്നില്‍ തന്നെ അപമാനപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാട്ടി ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നേരത്തെ പി.വി. അന്‍വര്‍ എം.എല്‍.എയും പരാതി നല്‍കിയിരുന്നു. ഇതിന്റെ കൗണ്ടര്‍ പരാതി എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഷാജനും പരാതി നല്‍കിയത്.
ക്രിസ്ത്യന്‍-മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജന്‍ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്നത്തെ ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് രേഖാമൂലം പരാതി നല്‍കിയത്. പരാതിയില്‍ തുടര്‍ നടപടികളൊന്നും ഉണ്ടാകാതെവന്നപ്പോള്‍ അന്‍വര്‍ എ.ഡി.ജി.പിക്കെതിരെ കൈക്കൂലി ആരോപണം ഉള്‍പ്പടെ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇസ്രായേലിനുള്ള തിരിച്ചടിയാണോ, കളമശേരി ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ, കളമശേരിയില്‍ നടന്നത് ഇസ്രായേല്‍ വിരുദ്ധ സ്ഫോടനമോ എന്ന തലക്കെട്ടില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോക്കെതിരെയാണ് അന്‍വര്‍ പരാതി നല്‍കിയത്. കേരളത്തിലെ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നും പി.വി. അന്‍വര്‍ പരാതിയില്‍ കുറ്റപ്പെടുത്തി.
മുസ്ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകര്‍ക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഈ വീഡിയോക്ക് പിറകിലുണ്ടെന്നും പരാതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതായും പറഞ്ഞു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും ഇതിന് മുമ്പും ഷാജന്‍ സ്‌കറിയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഷാജന്‍ സ്‌കറിയയ്ക്കും മറുനാടന്‍ മലയാളിക്കുമെതിരെ 153 എ, 505, 153 ബി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറഞ്ഞു.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ നേരത്തെ ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു. കേരളാ പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടര്‍ വയര്‍ലസ് സംവിധാനത്തില്‍ അനധികൃതമായി കടന്നുകയറിയെന്നും എഫ്.ഐ.ആറില്‍ പറഞ്ഞു. തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തിരുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് എഫ്.ഐ.ആറില്‍ പറഞ്ഞത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയ അന്‍വര്‍ എം.എല്‍.എ പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു.
സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സംവിധാനം ഷാജന്‍ സ്‌കറിയയുടെ പക്കലുണ്ടെന്നും അന്‍വര്‍ പരാതിയില്‍ ആരോപിച്ചു. ഷാജന്‍ സ്‌കറിയയുടെ പാസ്പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്തോയെന്ന് സംശയിക്കണമെന്നും അന്‍വര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നാണ് ആരോപണം. വിഷയം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.