by webdesk1 on | 15-10-2024 10:27:32
തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. എ.ഡി.ജി.പി പി.വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്‌ക്വാഡിലെ ചില അംഗങ്ങള്‍ക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡി.ജി.പിക്ക് നല്‍കിയ മൊഴിയുടെ വിവരങ്ങളുള്ളത്.
സുജിത് ദാസ് അറിയിച്ചതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്ന് അജിത് കുമാറിന്റെ മൊഴിയില്‍ പറയുന്നു. സുജിത് ദാസ് തന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞെന്നുമാത്രമാണ് എഡിജിപി അജിത് കുമാറിന്റെ മൊഴി. അതേസമയം പി.വി. അന്‍വര്‍ എം.എല്‍.എ ആരോപിച്ച ആരോപണങ്ങളെല്ലാം ഡി.ജി.പി റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ചില കാര്യങ്ങളില്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ നടക്കുന്നുവെന്ന വിശതദീകരണത്തോടെയാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് ഡിജിപി കടക്കാതിരുന്നത്. അജിത്കുമാറിനെതിരായ രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു.
അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിലും പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ടത്. അന്‍വറിന്റെ ആരോപണങ്ങളില്‍ ഭൂരിപക്ഷത്തിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.