Views Politics

പാലക്കാട് രാഹുല്‍, ചേലക്കരയില്‍ രമ്യ: വയനാടില്‍ രാഹുലിന് പിന്‍ഗാമിയായി പ്രിയങ്ക വരും; കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്

Axenews | പാലക്കാട് രാഹുല്‍, ചേലക്കരയില്‍ രമ്യ: വയനാടില്‍ രാഹുലിന് പിന്‍ഗാമിയായി പ്രിയങ്ക വരും; കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്

by webdesk1 on | 15-10-2024 11:04:40 Last Updated by webdesk1

Share: Share on WhatsApp Visits: 43


പാലക്കാട് രാഹുല്‍, ചേലക്കരയില്‍ രമ്യ: വയനാടില്‍ രാഹുലിന് പിന്‍ഗാമിയായി പ്രിയങ്ക വരും; കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്


കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയായിരിക്കും സ്ഥാനാര്‍ഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. സംവരണ മണ്ഡലമായ ചേലക്കരയില്‍ പാലക്കാട് മുന്‍ എം.പി കൂടിയായ രമ്യ ഹരിദാസ് കോണ്‍ഗ്രസിനായി കളത്തിലിറങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് മറ്റ് പാര്‍ട്ടികള്‍ക്ക് മുകളില്‍ മേല്‍ക്കൈ നേടുകയാണ് കോണ്‍ഗ്രസ്.

2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ റായ് ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് നിന്ന് രാജിവെച്ചൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ വയനാട്ടില്‍ കഴിഞ്ഞ തവണ സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ പരാജയപ്പെടുത്തിയത്.

രാഹുലിന് പകരം പ്രിയങ്ക എത്തുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ ആവേശമാണ്. രാഹുലിനേക്കാള്‍ മികച്ച ഭൂരിപക്ഷം നേടി വിജയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി പ്രിയങ്ക കടക്കുന്നുവെന്ന പ്രത്യേകതയും വയനാട് ലോക്സഭ തിരഞ്ഞെടുപ്പിനുണ്ട്.

പാലക്കാട് സിറ്റിങ് എം.എല്‍.എ ആയിരുന്നു ഷാഫി പറമ്പില്‍ വടകര ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2021ല്‍ ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനില്‍ നിന്ന് കടുത്ത മത്സരം നേരിട്ട ഷാഫി അവസാന ഘട്ടത്തിലായിരുന്നു വിജയം നേടിയത്. 3,859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു ഷാഫിയുടെ വിജയം.

യൂത്ത് കോണ്‍ഗ്രസില്‍ ഷാഫിയുടെ പിന്‍ഗാമിയായി ഉയര്‍ന്നുവന്ന നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ത്രികോണ മത്സരത്തിന് സാധ്യതയുള്ള പാലക്കാട് ഷാഫിയുടെ ശിഷ്യനെ തന്നെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.

മൂന്ന് പതിറ്റാണ്ടോളമായി സി.പി.എമ്മിന്റെ മണ്ഡലമാണ് ചേലക്കര. കെ.രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിലേക്ക് കടന്നത്. പാലക്കാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം.

കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെ.രാധാകൃഷ്ണന്റെ വിജയം. ചേലക്കരയില്‍ കഴിഞ്ഞ ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും സി.പി.എമ്മിനായി മത്സരിച്ചത് കെ.രാധാകൃഷ്ണനായിരുന്നു. 2016ല്‍ യു.ആര്‍. പ്രദീപായിരുന്നു സി.പി.എമ്മിനായി കളത്തിലിറങ്ങിയത്.


Share:

Search

Popular News
Top Trending

Leave a Comment