Views Politics

തിരഞ്ഞെടുപ്പ് വന്നു തമ്മിലടി തുടങ്ങി: രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ സരിന്‍: വിയോജിപ്പുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ?

Axenews | തിരഞ്ഞെടുപ്പ് വന്നു തമ്മിലടി തുടങ്ങി: രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ സരിന്‍: വിയോജിപ്പുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ?

by webdesk1 on | 16-10-2024 03:00:35 Last Updated by webdesk1

Share: Share on WhatsApp Visits: 46


തിരഞ്ഞെടുപ്പ് വന്നു തമ്മിലടി തുടങ്ങി: രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ സരിന്‍: വിയോജിപ്പുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ?


പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ കലഹം രൂക്ഷം. സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ പേര് പറഞ്ഞു കേട്ട കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയുടെ ചുമതലയുള്ള ഡോ.പി. സരിനാണ് ഇപ്പോള്‍ വിയോജിപ്പ് പ്രകടമാക്കി രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപകമായ എതിര്‍പ്പുണ്ടെന്നും അവരുടെ മുഖമായാണ് താന്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിയിരിക്കുന്നതെന്നും സരിന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


പാര്‍ട്ടി ഘടകങ്ങളില്‍ കൂടിയാലോചിച്ച് ഏകാഭിപ്രായത്തോടെയല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നാണ് സരിന്റെ പ്രധാനം ആക്ഷേപം. പാര്‍ട്ടിയിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ മാത്രം കൈയ്യടിയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് വിജയം എന്താകുമെന്ന ആശങ്ക തനിക്കുണ്ട്. ഹിന്ദുത്വ വികാരം ശക്തമായ പാലക്കാട് പോലെയൊരു സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അത് രാഹുല്‍ മാങ്കൂട്ടത്തല്‍ മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ കൂടി പരാജയമാകും. രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയമാകും അവിടെ പരാജയപ്പെടുക. 


ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മര്‍ദമാണ് പത്തനംതിട്ടയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സരിന്റെ ആക്ഷേപം. കണ്ണടച്ച് ഇരുട്ടാക്കി കാര്യങ്ങള്‍ നടത്താമെന്ന് ചിലര്‍ കരുത്തുണ്ടെങ്കില്‍ അത് തെറ്റാണ്. കോണ്‍ഗ്രസ് തിരുത്താന്‍ തയാറായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ച ഒരു പ്രഹസനമായിരുന്നു. രാഹുല്‍ ആണ് മികച്ച സ്ഥാനാര്‍ഥിയെങ്കില്‍ പാര്‍ട്ടിഘടകങ്ങളുടെ പിന്തുണ അതില്‍ നേടി എടുക്കണമായിരുന്നുവെന്നും സരിന്‍ പറഞ്ഞു. 


കൂടി ആലോചനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായിരുന്ന ഷാഫി പറമ്പില്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല രാഹുല്‍. ജനം ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്. രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ പാലക്കാട് ജയിക്കുമെന്നും ഷാഫി പറഞ്ഞു. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ നേതൃത്വത്തിന് നന്ദി പറഞ്ഞുമാണ് സരിന്റെ ആരോപണങ്ങളെ ഷാഫി നേരിട്ടത്. 


അതേസമയം സരിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി സി.പി.എമ്മിലേക്ക് കൊണ്ടുവരുന്നതിനുള്ള ചരട് വലികളും നടക്കുന്നുണ്ട്. സരിനുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും സരിന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. 


സരിന്റെ വിയോജിപ്പ് ഒരു തരത്തില്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എതിര്‍പ്പ് വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ അധികം കാണപ്പെടാത്ത ഒരാളുടെ വിയോജിപ്പിന് അത്ര വലിയ പ്രഹര ശേഷി ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പക്ഷെ സരിന്റെ പിന്നില്‍ പ്രബലരായ ആരെങ്കിലും ഉണ്ട് എങ്കില്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. 


രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായതിനോട് പാര്‍ട്ടിക്കുള്ളിലും പ്രത്യേകിച്ച് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗമായിരുന്നു. വിയോജിപ്പുകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനായില്ലെങ്കില്‍ പാലക്കാട് സീറ്റ് നിലനിര്‍ത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പ്രതിസന്ധിയാകും.


Share:

Search

Popular News
Top Trending

Leave a Comment