by webdesk1 on | 16-10-2024 09:31:37
പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപന രീതിക്കെതിരെ പരസ്യമായി രംഗത്തെത്തിയ പി.സരിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ സരിന്‍ അതിനോട് വഴങ്ങിയേക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥി ആക്കിയതിനോട് ശക്തമായ വിയോജിപ്പുണ്ട് സരിന്. ഇത് മുതലെടുത്ത് സരിനെ ഇടത് പാളയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് സി.പി.എമ്മും നടത്തുന്നത്.
സരിന്റെ നടപടിയെ അച്ചടക്ക ലംഘനമായാണ് കെ.പി.സി.സി വിലയിരുത്തുന്നത്. എ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ലിസ്റ്റ് തള്ളി പറഞ്ഞത് തെറ്റാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പറയേണ്ടിയിരുന്നത് പാര്‍ട്ടി വേദിയിലാണ്. അവിടെ പറയാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതാക്കള്‍ ആരും തന്നെ പിന്തുണയായി വരാത്തതും സരിനെതിരെ നടപടിയുടെ സൂചനയാണ്.
അതേസമയം സരിന്‍ സി.പി.എം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. എല്ലാ രാഷ്ട്രീയ സാധ്യതകളും പയറ്റുമെന്ന് വ്യക്തമാക്കുന്ന സി.പി.എം ചര്‍ച്ചക്കുള്ള സാധ്യതകളെല്ലാം തുറന്നിടുകയാണ്. സരിനെ മുന്‍നിര്‍ത്തി ഉപ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കാനാണ് നീക്കം. കോണ്‍ഗ്രസില്‍ നില്‍ക്കുമോ അതോ വിട്ടുപോകുമോ എന്നത് സംബന്ധിച്ച് സരിന്‍ വ്യക്തമായ സൂചന നല്‍കിയിട്ടില്ലാത്തതും സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നുമുണ്ട്.
സോഷ്യല്‍മീഡിയ കണ്‍വീനറെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ഉള്ളുകള്ളികള്‍ അറിയുള്ള ആളാണ് സരിന്‍. സി.പി.എം നോട്ടമിടുന്നതും അതു തന്നെയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാലക്കാട്ട് പുകയുന്ന അതൃപ്തിക്ക് പുറമെ സരിന്റെ വിമത സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്താനാകും സി.പി.എമ്മും ആലോചിക്കുന്നത്.
എല്‍.ഡി.എഫിന് ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുതിര്‍ന്ന നേതാവ് എ.കെ. ബാലനും പറഞ്ഞു. കെ.ബിനുമോളുടെ പേരാണ് പാലക്കാട്ടുള്ളതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആകാത്തത് സി.പി.എമ്മിനും പി.സരിനും ഒരുപോലെ രാഷ്ട്രീയ അടവുനയങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ്.