News India

നീതിദേവത ഇനി എല്ലാം കാണും: പാശ്ചാത്യ രൂപം മാറി തനി നാടന്‍; പുതിയ നീതിദേവതയെ അവതരിപ്പിച്ച് സുപ്രീംകോടതി

Axenews | നീതിദേവത ഇനി എല്ലാം കാണും: പാശ്ചാത്യ രൂപം മാറി തനി നാടന്‍; പുതിയ നീതിദേവതയെ അവതരിപ്പിച്ച് സുപ്രീംകോടതി

by webdesk1 on | 17-10-2024 08:46:04

Share: Share on WhatsApp Visits: 37


നീതിദേവത ഇനി എല്ലാം കാണും: പാശ്ചാത്യ രൂപം മാറി തനി നാടന്‍; പുതിയ നീതിദേവതയെ അവതരിപ്പിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: അടിമുടി മാറ്റങ്ങളുമായി നീതിദേവതയുടെ പുതിയ രൂപം. സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്കാണ് തനി നാടന്‍ രൂപം വന്നിരിക്കുന്നത്. കണ്ണുമൂടിക്കെട്ടി, ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്‍ക്കുന്ന നീതിദേവതയെ ഇനി അവിടെ കാണാനാകില്ല. പകരം, കണ്ണിലെ കെട്ട് ഇല്ലാതെ എല്ലാം കാണുന്ന പുതിയ നീതിദേവതക്ക് വാളിന് പകരം കൈയില്‍ ഭരണഘടനയും പാശ്ചാത്യ വസ്ത്രത്തിന് പകരം സാരിയുമാണ് നല്‍കിയിരിക്കുന്നത്.

പാശ്ചാത്യ രൂപത്തില്‍ നിന്ന് മാറി രാജ്യത്തെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന വിധം നിതിദേവതയില്‍ മാറ്റം വരണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. കണ്ണുകള്‍ നഗ്‌നമാക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനായാണ് പുതിയ പരിഷ്‌കരണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചതിന് സമാനമാണിത്.

നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിക്കുവേണ്ടി നിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. എന്നാല്‍ കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം മുഖം നോക്കാതെ തുല്യനീതി നടപ്പാക്കുക എന്നതാണ് കണ്ണുമൂടിക്കെട്ടിയ നീതിദേവത മുന്നോട്ടുവെക്കുന്ന ആശയം. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണ്. സമ്പത്തോ, അധികാരമോ മറ്റ് സാമൂഹിക മാനദണ്ഡങ്ങളോ കാണാതെ നിയമം നടപ്പാക്കുക എന്നതും കണ്ണുമൂടിക്കെട്ടിയതിലൂടെ ഉദ്ദേശിക്കുന്നു.

അനീതിയെ ശിക്ഷിക്കാനുള്ള അധികാരത്തിന്റെ പ്രതീകമാണ് വാള്‍. നീതിദേവതയുടെ വലതു കൈയിലെ ത്രാസ് പുതിയ പ്രതിമയിലും അങ്ങനെ തുടരും. ഇരുഭാഗവും കേട്ട ശേഷം സമൂഹ നന്മക്കായി കൃത്യമായ വിധിനിര്‍ണയത്തിലേക്ക് എത്തുകയെന്നതാണ് ത്രാസ് സൂചിപ്പിക്കുന്നത്.



Share:

Search

Popular News
Top Trending

Leave a Comment