by webdesk1 on | 17-10-2024 09:55:12
പമ്പ: ശബരിമല പുതിയ മേല്‍ശാന്തി ആയി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തിയായത്.
മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരന്‍ ഋഷികേശ് വര്‍ഷമാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.
മാളികപ്പുറം മേല്‍ശാന്തി ആയി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നത്.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ.അജികുമാര്‍, ജി.സുന്ദരേശന്‍, സ്‌പെഷല്‍ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആര്‍.ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വര്‍മ ശബരിമലയിലേയും എം.വൈഷ്ണവി മാളികപ്പുറത്തേയും കുറിയെടുത്തു.