Views Politics

സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാല്‍ ഗുണം കോണ്‍ഗ്രസിനോ? രാഹുല്‍ മാങ്കുട്ടത്തിലിന്റെ മാസ് എന്‍ട്രിയില്‍ ഞെട്ടി സി.പി.എം; നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയും

Axenews | സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാല്‍ ഗുണം കോണ്‍ഗ്രസിനോ? രാഹുല്‍ മാങ്കുട്ടത്തിലിന്റെ മാസ് എന്‍ട്രിയില്‍ ഞെട്ടി സി.പി.എം; നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയും

by webdesk1 on | 17-10-2024 10:22:42

Share: Share on WhatsApp Visits: 36


സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായാല്‍ ഗുണം കോണ്‍ഗ്രസിനോ? രാഹുല്‍ മാങ്കുട്ടത്തിലിന്റെ മാസ് എന്‍ട്രിയില്‍ ഞെട്ടി സി.പി.എം; നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയും


തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പി.സരിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് സി.പി.എം. പാലക്കാട് ഇടത് സ്വതന്ത്രനായോ പുതിയ അടവ് നയത്തിന്റെ ഭാഗമായി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയോ സരിനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം നേതാക്കള്‍ സരിനുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് വിവരങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് കലഹിച്ച് പുറത്തുവന്ന ഒരാളെ സുപ്രധാന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഇടത് മുന്നണിക്ക് ഗുണകരമായേക്കില്ലെന്ന അഭിപ്രായവും എല്‍ഡിഎഫ് ക്യാമ്പുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.  

മുഖ്യമന്ത്രിക്കെതിരെയും മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിനെതിരെയും സര്‍വോപരി സര്‍ക്കാരിനെതിരെയും ശക്തമായ എതിര്‍പ്പും ജനവികാരവും നിറഞ്ഞു നില്‍ക്കുന്ന ഘട്ടത്തില്‍ അതിനെയൊക്കെ മറികടക്കാന്‍ ഉപതിരഞ്ഞെടുപ്പിലെ ജയം പാര്‍ട്ടിക്ക് അനിവാര്യമാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും. പരാജയപ്പെട്ടാല്‍ അത് സര്‍ക്കാരിനെതിരെയുള്ള ജനവികാരമായും മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയെഴുത്തായും വ്യാഖ്യാനിക്കപ്പെടും. ജയിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായും മുഖ്യമന്ത്രിക്കുള്ള പിന്തുണയായും വരുത്തിതീര്‍ക്കാനുമാകും. അതുകൊണ്ട് സ്വന്തം അക്കൗണ്ടിലുള്ള സീറ്റിന് പുറമേ പാലക്കാട് കൂടി ജയിക്കേണ്ടത് പാര്‍ട്ടിയുടെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റേയും ആവശ്യമാണ്.

ഈ സാഹചര്യത്തില്‍ എതിര്‍പാര്‍ട്ടിയില്‍ നിന്ന് കലഹിച്ച് ഇറങ്ങിവന്ന ഒരാളെ ഇടത് സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചാല്‍ തിരിച്ചടിയുണ്ടായേക്കുമോയെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഇത്രയും കാലം പാര്‍ട്ടിയുടേയും ഇടത് മുന്നണിയുടേയും ശത്രുപക്ഷത്ത് നിന്ന ഒരാളെ സ്ഥാനാര്‍ഥിയാക്കിയാല്‍ സ്വന്തം പാര്‍ട്ടിയില്‍ കരുത്തരായ, ജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ഇല്ലെന്ന സന്ദേശമാകും സമൂഹത്തിന് നല്‍കുക. പകരം കോണ്‍ഗ്രസ് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനും കുറച്ചെങ്കിലും വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥിയിലേക്ക് എത്തിക്കാനും സരിനെ ഉപയോഗപ്പെടുത്താനാകും സി.പി.എം ശ്രമിച്ചേക്കുക.

എന്നാല്‍, സ്ഥാനാര്‍ഥിത്വത്തില്‍ കുറഞ്ഞതൊന്നും സ്വീകരിച്ചേക്കില്ലെന്നാണ് സരിന്‍ വ്യക്തമാക്കി കഴിഞ്ഞു. ജനങ്ങളെ ഭരിക്കാനും എം.എല്‍.എയും മന്ത്രിയുമൊക്കെ ആകാനുമാണ് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന സരിന്റെ പ്രസ്താവന മത്സരിക്കണമെന്ന നിര്‍ബന്ധം തന്നെയാണ് സൂചിപ്പിക്കുന്നത്. പാലക്കാട് സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇറങ്ങിപ്പോയതും ഈ നിര്‍ബന്ധത്തിന്റെ പുറത്താണ്.

എതിര്‍പ്പ് മറികടന്ന് സരിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയാല്‍ തന്നെ അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാകും. ചിതറിക്കിടക്കുന്ന അണികളെ ഒരുമിച്ച് കൊണ്ടുവരാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഇത് കാരണമാകും. ഏതു വിധേയനേയും സീറ്റ് നിലനിര്‍ത്തണമെന്നത് കോണ്‍ഗ്രസിന്റേയും പ്രത്യേകിച്ച് ഷാഫി പറമ്പിലിന്റേയും പ്രസ്റ്റീജ് ഇഷ്യൂ ആയി മാറുകയും ചെയ്യും. ഇപ്പോള്‍ തന്നെ അത്തരമൊരു വാശി കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് നല്‍കിയ സ്വീകരണത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ കെട്ടുറപ്പും ആവേശവും തന്നെ അതിന്റെ ഉദാഹരണമാണ്.

അതേസമയം പാലക്കാടും ചേലക്കരയിലും സി.പി.എം-ബി.ജെ.പി ഡീല്‍ ഉണ്ടെന്ന പി.വി. അന്‍വറിന്റെ ആരോപണം കുറേക്കുടി ശക്തമാക്കുന്നതാകും പി.സരിന്റെ ഇടത് സ്ഥാനാര്‍ഥിത്വം. സരിനെ സ്ഥാനാര്‍ഥിയാക്കുന്നതോടെ സി.പി.എം പാലക്കാട് സീറ്റില്‍ ജയം പ്രതീക്ഷിക്കുന്നില്ല എന്ന സന്ദേശം എതിര്‍പക്ഷത്തിന് പ്രചരിപ്പിക്കാനാകും. ഒരുപക്ഷെ അക്കാര്യം സി.പി.എം മനസുകൊണ്ട് അംഗീകരിക്കുന്നുമുണ്ടാകും. അങ്ങനെയങ്കില്‍ അതിന്റെ ഗുണം കിട്ടുക ബി.ജെ.പി സ്ഥാനാര്‍ഥിക്കാകും.

കഴിഞ്ഞ തവണ വെറും മൂവായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ ഡോ.ഇ. ശ്രീധരനെ ഷാഫി പറമ്പില്‍ അവസാന നിമിഷം പരാജയപ്പെടുത്തിയത്. ബി.ജെ.പി എക്കാലത്തും വിജയസാധ്യത കല്‍പ്പിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലുണ്ടായ വിള്ളല്‍ അനുകൂല ഘടകമാക്കാനാകും ശ്രമിക്കുക. കോണ്‍ഗ്രസിന്റെ കുറച്ച് വോട്ടെങ്കിലും സരിന്‍ വഴി ഇടത് പാളയത്തിലേക്ക് എത്തിക്കാനായാല്‍ ബി.ജെ.പിക്ക് ജയിച്ചു കയറാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ സി.പി.എം-ബി.ജെ.പി ഡീല്‍ എന്ന ആയുധമാകും പ്രതിരോധമായി കോണ്‍ഗ്രസ് ഉപയോഗിക്കുക. പക്ഷെ, ശ്രീധരന്റെ വ്യക്തി പ്രഭാവത്തിന് കിട്ടിയ വോട്ട് ബി.ജെ.പിയുടെ പാര്‍ട്ടി വോട്ടായി കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Share:

Search

Popular News
Top Trending

Leave a Comment