by webdesk1 on | 18-10-2024 07:05:32
ന്യൂഡല്‍ഹി: കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനൊരുങ്ങി കേന്ദ്രം. പദവിയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് നീക്കം. മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്നാണ് സൂചന. പകരം അന്തമാന്‍ നികോബാര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണറായ ദേവേന്ദ്ര കുമാര്‍ ജോഷിയെ കേരള ഗവര്‍ണറാക്കിയേക്കും.
കേരളത്തിന് പുറമേ ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും അന്തമാന്‍ നികോബാര്‍ ദ്വീപുകള്‍, ദാദര്‍ നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും മാറ്റിയേക്കും.
ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി 2019 സെപ്റ്റംബര്‍ ആറിനാണ് ചുമതലയേറ്റത്. ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും നാലുവര്‍ഷം പിന്നിട്ടിട്ടുണ്ട്. സിന്‍ഹക്ക് പകരം ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ബി.ജെ.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെ നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.
കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടും ഗുജറാത്തിലെ ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്തും പദവിയില്‍ മൂന്നുവര്‍ഷം പിന്നിടുകയാണ്. പി.എസ്. ശ്രീധരന്‍ പിള്ള (ഗോവ), ബന്ദാരു ദത്താത്രേയ (ഹരിയാന), മംഗുഭായ് സി പട്ടേല്‍ (മധ്യപ്രദേശ്), ഗുര്‍മിത് സിങ് (ഉത്തരാഖണ്ഡ്), ആര്‍.എന്‍. രവി (തമിഴ്‌നാട്) എന്നിവരും മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അഞ്ചുവര്‍ഷ കാലാവധി പിന്നിട്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ അശ്വനി ചൗബെ, വി.കെ. സിങ്, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്.