by webdesk1 on | 18-10-2024 07:20:05
കൊച്ചി: ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. മാതാവും മറ്റൊരാളും തമ്മിലുള്ള ലൈംഗികബന്ധം മകന്‍ കാണാനിടയായ സംഭവത്തിലെടുത്ത പോക്സോ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്നശരീരം കുട്ടി കാണാനിടയാകുന്നത് പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. തിരുവനന്തപുരം പോര്‍ട്ട് പോലീസെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ലോഡ്ജില്‍ വെച്ച് ഹര്‍ജിക്കാരനും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ 16 വയസുകാരനായ മകന്‍ കാണാനിടയായി. കുട്ടിയെ കടയില്‍ സാധനം വാങ്ങാന്‍ വിട്ട ശേഷമായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍, വാതില്‍ അടച്ചിരുന്നില്ല.
മടങ്ങിയെത്തിയ കുട്ടി വാതില്‍ തുറന്നപ്പോഴാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത്. ഇതിനെ കുട്ടി ചോദ്യംചെയ്തതോടെ യുവാവ് കുട്ടിയെ ആക്രമിച്ചു. തുടര്‍ന്നാണ് പോലീസ് കേസാകുന്നത്. പോക്സോ ആക്ടിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.
കുട്ടിയെ ആക്രമിച്ചതിനുള്ള കുറ്റവും നിലനില്‍ക്കുമെന്നു കോടതി പറഞ്ഞു. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഹര്‍ജിക്കാരനെതിരേ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ മാതാവാണ് ഒന്നാംപ്രതി.