by webdesk1 on | 18-10-2024 08:17:12 Last Updated by webdesk1
തിരുവനന്തപുരം: ഒടുവില്‍ എല്ലാം കരുതിയ പോലെ. പാലക്കാട് സി.പി.എമ്മിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ പി.സരിനെ തന്നെ സി.പി.എം പിന്തുണയോടെ പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗം വോട്ടുകള്‍ അടര്‍ത്തിയെടുത്ത് യു.ഡി.എഫിന്റെ വിജയം തടയുകയാണ് ലക്ഷ്യം. ഇതിന്റെ നേട്ടം ഇടത് പക്ഷത്തിനാകുമോ അതോ ബി.ജെ.പിക്കാകുമോയെന്നാണ് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടത്.
മറ്റൊരു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മുന്‍ എം.എല്‍.എ യു.ആര്‍. പ്രദീപിനെയാണ് സി.പി.എം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇവിടെ രമ്യ ഹരിദാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇരു മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയെ സി.പി.ഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പി സ്വാധീനം ശക്തമായ പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ആരെന്നത് യു.ഡി.എഫ്, എല്‍ഡിഎഫ് ക്യാംപുകളിലും ചര്‍ച്ചയാണ്. തുടക്കം മുതല്‍ കേള്‍ക്കുന്ന ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നു. ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്ന രീതിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയാണ് ഔദ്യോഗിക ഭാഗത്തുനിന്നുള് ഏക അനൗദ്യോഗിക പ്രതികരണം. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും മണ്ഡലത്തില്‍ സജീവമാണ്.
സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാപട്ടികക്കു പുറത്തുള്ളവര്‍ വരാനുളള സാധ്യതയും ചര്‍ച്ചയാണ്. പ്രഖ്യാപനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. അതിനാല്‍ ഏത്രയും വേഗം സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്നും വിജയസാധ്യത മാത്രമായിരിക്കണം തീരുമാനത്തിനു മാനദണ്ഡമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇപ്പാഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ കഴിവുളള സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പെന്നാണ് നേതാക്കളുടെ അവകാശവാദം.
പതിവിനു വിപരീതമായി, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായി. വന്‍ റോഡ് ഷോയും നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍ വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശങ്കയും അതോടൊപ്പം മുന്‍പില്ലാത്തവിധം വാശിയും ഉണ്ടായിട്ടുണ്ട്.