by webdesk1 on | 18-10-2024 08:25:41
ബെയ്റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹമാസിന്റെ തലവന്‍ യഹ്യ സിന്‍വാര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് വക്താവ് ഖാലീല്‍ ഹയ്യയാണ് വാര്‍ത്താസമ്മേളനത്തില്‍ വിവരം അറിയിച്ചത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
യഹ്യ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു, എന്നാണ് അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഖലീല്‍ അറിയിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലെപ്പെട്ടെന്നായിരുന്നു ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചത്. ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് യഹ്യ കൊല്ലപ്പെട്ടതെന്നും ഡി.എന്‍.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹ്യ തന്നെയെന്ന് സ്ഥിരീകരിച്ചതായും ഇസ്രയേല്‍ ഡിഫന്‍സ് അറിയിച്ചിരുന്നു.
ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് മടങ്ങാന്‍ സമ്മതിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്സില്‍ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
യഹ്യ സിന്‍വാര്‍ മരിച്ചു. ഇസ്രായേല്‍ പ്രതിരോധ സേനയിലെ ധീരരായ സൈനികരാല്‍ റാഫയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്, അവസാനത്തിന്റെ തുടക്കമാണ്. ഗാസയിലെ ജനങ്ങളേ, എനിക്ക് ഒരു സന്ദേശമുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം. ഹമാസ് ആയുധം താഴെ വെച്ച് നമ്മുടെ ബന്ദികളെ തിരിച്ചയച്ചാല്‍ ഈ യുദ്ധം നാളെ അവസാനിക്കും- ഇതായിരുന്നു നെതന്യാഹുവിന്റെ സന്ദേശം.