by webdesk1 on | 19-10-2024 08:12:10
ടെല്‍അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ അവസാന നിമിഷത്തെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന. ഗാസയിലെ തകര്‍ന്ന് വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളില്‍ യഹിയ സിന്‍വര്‍ ഇരിക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിട്ടാണ് യഹിയ സിന്‍വറിനെ കാണാനാകുന്നത്.
ഇവിടെ ഒരു സോഫയില്‍ യഹിയ സിന്‍വര്‍ മുഖം പാതി മറിച്ച് ഇരിക്കുന്നതായി കാണാം. ചുറ്റും പൊടി നിറഞ്ഞ് തകര്‍ന്നു കിടക്കുന്നതിനിടയിലായിട്ടാണ് ഇയാള്‍ ഇരിക്കുന്നത്. ഡ്രോണ്‍ വീടിനുള്ളിലേക്ക് പറന്നുകയറി, യഹിയ സിന്‍വറിന് മുന്നിലായി നില്‍ക്കുന്നു. അല്‍പ്പസമയം ഇതിലേക്ക് നോക്കി ഇരുന്നതിന് ശേഷം യഹിയ സിന്‍വര്‍ ഒരു വടിയെടുത്തെറിയുകയും ചെയ്യുന്നതായി കാണാം.
ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്രയേല്‍ യഹിയ സിന്‍വറിനെ വധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കൊല്ലപ്പെട്ടത് യഹിയ സിന്‍വര്‍ ആണെന്ന നിഗമനം ഇസ്രയേല്‍ സൈന്യം പങ്കുവച്ചിരുന്നു. തുടര്‍ പരിശോധനകള്‍ നടത്തി കൊല്ലപ്പെട്ടത് യഹിയ സിന്‍വര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ യഹിയ സിന്‍വറിനെ ഇസ്രയേല്‍ പ്രതിരോധ സേന ഇല്ലാതാക്കിയെന്നാണ് വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദി സിന്‍വര്‍ ആയിരുന്നുവെന്നും നീതിയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരനെ സൈന്യം ഇല്ലാതാക്കിയെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.