News Kerala

പ്രകൃതി ദുരിതാശ്വാസം: രണ്ട് വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 782 കോടി; സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്നും കേന്ദ്രത്തിന്റെ ഉറപ്പ്

Axenews | പ്രകൃതി ദുരിതാശ്വാസം: രണ്ട് വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 782 കോടി; സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്നും കേന്ദ്രത്തിന്റെ ഉറപ്പ്

by webdesk1 on | 19-10-2024 08:17:00

Share: Share on WhatsApp Visits: 23


പ്രകൃതി ദുരിതാശ്വാസം: രണ്ട് വര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 782 കോടി; സ്‌പെഷല്‍ ഫണ്ട് പരിഗണനയിലെന്നും കേന്ദ്രത്തിന്റെ ഉറപ്പ്


കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ പ്രകൃതി ദുരന്തങ്ങള്‍ നേരിടാനായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ധനസഹായം വൈകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ബാങ്ക് വായ്പകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സഹായം വേണമെന്നും പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വയനാടിന് ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസമില്ലെന്നും ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

എന്നാല്‍ കേന്ദ്രം നല്‍കിയത് വാര്‍ഷിക ദുരിതാശ്വാസ സഹായമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ ഈ തുക ഏതൊക്കെ പദ്ധതികളിലായി, എവിടെയൊക്കെ ചെലവഴിച്ചു എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട് ദുരന്തത്തില്‍ മരിച്ചവരും സ്ഥലം നഷ്ടപ്പെട്ടവരുമായ ഇരകളെല്ലാം കര്‍ഷകരാണെന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്ര ഫണ്ട് ചെലവഴിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.


Share:

Search

Popular News
Top Trending

Leave a Comment