by webdesk1 on | 19-10-2024 08:14:00
പാലക്കാട്: കോണ്‍ഗ്രസുമായി കലഹിച്ച് പിരഞ്ഞ പി.സരിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി ഡി.വൈ.എഫ്.ഐ. ഇടത് സ്ഥാനാര്‍ഥിയായ ശേഷം നടന്ന പാലക്കാട് മണ്ഡലത്തിലെ ആദ്യ റോഡ് ഷോയിലെ അണികളുടെ പിന്തുണയും ആവേശവും സരിനെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജ് മുതല്‍ കോട്ടമൈതാനം വരെയായിരുന്നു ജാഥ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും വി.കെ. സനോജും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും ജാഥയ്ക്ക് നേതൃത്വം നല്‍കി. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചും ചെങ്കൊടി വീശിയുമായിരുന്നു ജാഥ.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ കോണ്‍ഗ്രസുകാരനും കെ.പി.സി.സിയുടെ സോഷ്യമീഡിയ സെല്‍ കണ്‍വീനറുമായിരുന്ന പി.സരിനെ പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്. ഒട്ടും അതിശ്യോക്തി നല്‍കുന്ന വിധമായിരുന്നില്ല പ്രഖ്യാപനം. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും മുന്‍പ് തന്നെ സരിന് പിന്തുണ സി.പി.എം പ്രഖ്യാപിച്ചിരുന്നു.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇടതു സ്വതന്ത്രനായി പാലക്കാട് ജനവിധി തേടുന്നതിനുള്ള അവസരം കൈവന്നിരിക്കുന്നതിനുള്ള സന്തോഷവും അതിനേക്കാളേറെ അഭിമാനവുമുണ്ടെന്ന് സരിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ പ്രതിനിധിയാവാന്‍ ഒരു മുന്നണി തന്നെ ചുമതലപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നത്. ചുമതലാബോധം ഉള്ള ഒരാള്‍ നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്ത്വമാണ് സ്ഥാനാര്‍ത്ഥിത്വം. ഇനിയുള്ള ദിവസങ്ങളില്‍ ജനപ്രതിനിധിയാകുന്നതിനുള്ള യോഗ്യത രാഷ്ട്രീയം പറഞ്ഞുകൊണ്ട് തന്നെ പാലക്കാട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് സരിന്‍ വ്യക്തമാക്കി.