by webdesk1 on | 19-10-2024 10:52:12 Last Updated by webdesk1
പാലക്കാട്: കോണ്‍ഗ്രസിലെ തമ്മിലടിയും സി.പി.എമ്മിന്റെ ദൗര്‍ബല്യവും പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പിക്ക് വിജയം തളികയില്‍ വച്ചുനീട്ടിയെന്ന തോന്നല്‍ ഇല്ലാതാക്കുന്നതായിരുന്നു എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയം. ശോഭാ സുരേന്ദ്രനെ പോലെ ക്രൗഡ് പുള്ളറായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ സീറ്റ് ഇത്തവണ നേടിയെടുത്തേക്കുമെന്ന പ്രതീക്ഷകള്‍ക്കേറ്റ പ്രഹരമായി കൂടിയാണ് സി.കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ പ്രവര്‍ത്തകര്‍ കാണുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒന്നാഞ്ഞു പിടിച്ചാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് നേടാന്‍ കഴിയുന്ന സീറ്റുകളിലൊന്നാണ് പാലക്കാട്. ശോഭാ സുരേന്ദ്രനെപ്പോലെ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഒന്നാഞ്ഞുപിടിച്ചാല്‍ അതു സാധിക്കാവുന്നതുമാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ സൂചന ഘട്ടം മുതല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേരിനൊപ്പം ശോഭയുടെ പേരും ഉയര്‍ന്നിരുന്നു. ഈ പേരുകളൊക്കെ അപ്രതീക്ഷിതമായി മാറി മറിഞ്ഞാണ് ഇപ്പോള്‍ സി.കൃഷ്ണകുമാറിലേക്ക് എത്തിയത്.
ബി.ജെ.പിക്ക് 10 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന മണ്ഡലത്തില്‍ 2016 ല്‍ ഷാഫി പറമ്പിലിനോട് 17,483 വോട്ടിന് തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ശോഭാ സുരേന്ദ്രന്‍ പാലക്കാട് മണ്ഡലത്തില്‍ 29 ശതമാനം വോട്ട് പാര്‍ട്ടിക്ക് നേടിക്കൊടുത്തതിന്റെ ചരിത്രം മുന്നിലുണ്ട്. പിന്നീട് മത്സരിച്ച ആറ്റിങ്ങലിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ശോഭാ സുരേന്ദ്രന്റെ കരുത്ത് കണ്ടതുമാണ്. എന്നിട്ടും ജയിക്കാവുന്ന മണ്ഡലത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ തഴഞ്ഞതിന്റെ ആശ്ചര്യത്തിലാണ് അണികള്‍.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കരുത്ത് കാട്ടിയ പാരമ്പര്യമുള്ള നേതാവാണ് കൃഷ്ണകുമാര്‍ എന്നാണ് നേതൃത്വം പറയുന്നത്. മലമ്പുഴ പോലൊരു മണ്ഡലത്തില്‍ സാക്ഷാല്‍ വി.എസ്. അച്യൂതാനന്ദനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ 2016 ല്‍ കൃഷ്ണകുമാറിനായി. അന്നുവരെ 10 ശതമാനം പോലും വോട്ട് ഷയര്‍ ഇല്ലാതിരുന്ന മണ്ഡലത്തില്‍ 28 ശതമാനത്തിലേറെ വോട്ട് ബി.ജെ.പിക്ക് നേടിക്കൊടുത്തു. 2021 ലേക്ക് വന്നപ്പോള്‍ 1.78 ശതമാനം വോട്ട് ഷയര്‍ വര്‍ധിപ്പിച്ചാണ് കൃഷ്ണകുമാര്‍ കരുത്ത് കാട്ടിയത്.
സംഘടനാ പ്രവര്‍ത്തനങ്ങളിലും കൃഷ്ണകുമാറിന് നിര്‍ണായക സ്വാധീനമുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി മുതല്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ വരെ പ്രവര്‍ത്തിച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോഴും വോട്ട് ഷെയര്‍ 2.87 ശതമാനം വര്‍ധിപ്പിക്കാനും കൃഷ്ണകുമാറിന് കഴിഞ്ഞു. ഇതൊക്കെയാണ് പാലക്കാട് മണ്ഡലം പിടിക്കാന്‍ കൃഷ്ണകുമാറിനെ നിയോഗിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെതിരെ ശക്തമായ മത്സരം കാഴ്്ച്ചവെച്ച ഡോ. ഇ. ശ്രീധരനേക്കാള്‍ വോട്ട് സി.കൃഷ്ണകുമാറിന് നേടാനാകുമോയെന്ന് ബി.ജെ.പി പോലും പ്രതീക്ഷ വയ്ക്കുന്നില്ല. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കാവുന്ന വോട്ടില്‍ കുറവ് വരുത്തി അതിന്റെ നേട്ടം തങ്ങളിലേക്ക് എത്തിക്കുകയെന്ന തന്ത്രമാകും ബി.ജെ.പി പയറ്റുക. മുന്‍ കോണ്‍ഗ്രസുകാരനായ പി.സരിനെ ഇടത് സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഈ തന്ത്രം ഫലത്തിലേക്ക് എത്തുമെന്നും ബി.ജെ.പി നേതൃത്വം പ്രതീക്ഷ വയ്ക്കുന്നു.
30 ശതമാനത്തോളം വോട്ട് പാലക്കാട് മണ്ഡലത്തില്‍ തങ്ങള്‍ക്കുണ്ട് എന്നാണ് ബി.ജെ.പി പറയുന്നത്. യു.ഡി.എഫിന് 40 ശതമാനത്തോളം വോട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനാകട്ടെ വോട്ട് ഷെയര്‍ കുറഞ്ഞ് ഇപ്പോള്‍ 25 ശതമാത്തിലേക്ക് എത്തിയിരിക്കുകയുമാണ്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞെത്തിയ സരിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിലെ വോട്ട് ഷെയറില്‍ കുറവ് വരുത്താനാകുമെന്ന് സി.പി.എം പ്രതീക്ഷ വയ്ക്കുന്നു. എങ്കിലു ജയത്തിലേക്ക് എത്തണമെങ്കില്‍ ഏറെ മുന്നേറേണ്ടതുണ്ട്.
അങ്ങനെയാണേല്‍ കോണ്‍ഗ്രസില്‍ നിന്ന് കുറയുന്ന വോട്ടിന്റെ നേട്ടം ബി.ജെ.പിക്കാകും ലഭിക്കുക. 2011 ല്‍ വെറും 19 ശതമാനത്തില്‍ നിന്ന് 2016 ല്‍ എത്തിയപ്പോഴേക്കും ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 29 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2021 ലേക്ക് എത്തിയപ്പോഴേക്കും അത് 35 ശതമാനമായി. ഇത് ഇ.ശ്രീധരന് ലഭിച്ച വ്യക്തിഗത വോട്ടുകളാണെന്ന് പറയുമ്പോഴും അഞ്ചു മുതല്‍ 10 ശതമാനത്തിന്റെ വോട്ട് വര്‍ധനവാണ് ബി.ജെ.പിക്ക് മണ്ഡലത്തില്‍ ലഭിക്കുന്നത്. ഇത്തവണ 35 ല്‍ നിന്ന് വോട്ട് ഷെയര്‍ അല്പം താഴേക്ക് പോയാല്‍ തന്നെയും പി.സരിന്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ ഉണ്ടാക്കിയേക്കാവുന്ന വിള്ളല്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നത്.