by webdesk1 on | 20-10-2024 09:04:59
ന്യൂഡല്‍ഹി: യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെതിരെ പോലീസ് സുപ്രീം കോടതിയില്‍. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് പോലീസ് സത്യവാങ്മൂലം നല്‍കി. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ചൊവാഴ്ച പരിഗണിക്കാനിരിക്കെയാണ് പോലീസ് സത്യവാങ്മൂലം സമര്‍പിച്ചത്.
പ്രാരംഭ അന്വേഷണത്തില്‍ സിദ്ദിഖിനെതിരെ തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കസ്റ്റഡി ആവശ്യമാണെന്ന് പോലീസ് പറയുന്നു. സിദ്ദിഖിനെതിരെ നടിയുടെ പരാതി വൈകിയതെന്ത് എന്ന കോടതിയുടെ ചോദ്യത്തിന്, പീഡനം നടന്നതിനുശേഷം പരാതി നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല യുവനടിയെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ മറുപടി നല്‍കി.
യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് സെപ്റ്റംബര്‍ 30ന് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാല്‍ വിചാരണക്കോടതി നിര്‍ദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സിദ്ദിഖ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ രണ്ടാഴ്ചയ്ക്കു ശേഷം മറുപടി നല്‍കണമെന്ന് ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ സിദ്ദിഖ് തിരുവനന്തപുരത്ത് അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരായി. എന്നാല്‍ അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വാദം.