by webdesk1 on | 20-10-2024 09:19:52
തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകയാളും കേരളത്തിന്റെ വിപ്ലവ നക്ഷത്രവുമായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 101 വയസ് പൂര്‍ത്തിയായി. സമര നായകന് സ്‌നേഹ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു ഇന്നലെയും ഇന്നുമായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.
ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവാണ് വി.എസ്. അച്ചുതാനന്ദന്‍. നിലവിലെ കമ്യൂണിസ്റ്റ് കാരില്‍ സഖാവ് എന്ന വിളിപ്പേരിന് ഏറെ അനുയോജ്യന്‍. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരളജനതയുടെ മനസിലിടം നേടി.
വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സി.പി.എം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്റെ രണ്ട് ദശകങ്ങള്‍ സി.പി.എം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വി.എസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്റെറ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു. ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.
2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയെന്നാണ് സീതാറാം യച്ചൂരി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.