by webdesk1 on | 21-10-2024 10:57:43 Last Updated by webdesk1
പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ഡലത്തിലെ പ്രചാരണത്തില്‍ മുന്‍ എംഎല്‍എ ഷാഫി പറമ്പിലിന്റെ പ്രവര്‍ത്തന ശൈലിക്ക് കെ.പി.സി.സിയുടെ താക്കീത്. പ്രചാരണ തീരുമാനങ്ങള്‍ ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയില്‍ പ്രചാരണം വേണ്ടെന്നും നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത്തരമൊരു താക്കീത് ഉണ്ടായിട്ടില്ലെന്നും എല്ലാം അസത്യ പ്രചാരണമാണെന്നും ഷാഫി പറമ്പിലും പറഞ്ഞു.
ഷാഫിയുടെ പ്രവര്‍ത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശമെന്നാണ് സൂചന. പ്രാദേശിക ഘടകത്തിനുള്ളില്‍ ഷാഫിക്കെതിരെ കടുത്ത അതൃപ്തി പുകയുകയാണ്. ഷാഫി പറമ്പില്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എസ്. വിജയരാഘവന്‍ രംഗത്തുവന്നിരുന്നു.
അതിനിടെ, ഷാഫി പറമ്പില്‍ എംപിയെ വിമര്‍ശിച്ചും പി.സരിനെ അനുകൂലിച്ചും ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയും ഉയര്‍ന്നു. ഇതിനെല്ലാം പിന്നാലെയാണ് പാലക്കാട് വിമത ശബ്ദം ഉയര്‍ത്തിയ മുഴുവന്‍ നേതാക്കളുമായും കെ.പി.സി.സി ചര്‍ച്ച നടത്തിയത്. പിന്നാലെ ഡി.സി.സി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രം പ്രചരണം നടത്താന്‍ ഷാഫിക്ക് നിര്‍ദേശം നല്‍കി എന്നാണ് വിവരം.
തന്നെ കെ.പി.സി.സി പ്രസിഡന്റ് താക്കീത് ചെയ്തിട്ടില്ലെന്നും ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ പോലും അറിഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങള്‍ക്ക് വിരോധം തോന്നേണ്ട ഒന്നും യു.ഡി.എഫിനില്ല. തൃശൂരിലുണ്ടായ ഡീലിന് പാലക്കാട് മറുപടി കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.