by webdesk1 on | 22-10-2024 02:15:43 Last Updated by webdesk1
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പില്‍ എം.പിയേയും രൂക്ഷമായി വിമര്‍ശനവുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ്. രാജ്യത്തെ ബി.ജെ.പിയെ എതിര്‍ക്കാനുള്ള പ്രധാന ശക്തിയായി കോണ്‍ഗ്രസ് നില്‍ക്കുമ്പോള്‍ ഇവിടെ ബി.ജെ.പിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ എളുപ്പവഴി തേടുകയാണ് പ്രതിപക്ഷ നേതാവെന്ന് ഷാനിബ് ആരോപിച്ചു.
വി.ഡി. സതീശന്‍ കാര്യങ്ങള്‍ തീരുമാനിക്കും ഷാഫി പറമ്പില്‍ നടപ്പാക്കും എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുവരും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് ഉദാഹരണ സഹിതം വെളിപ്പെടുത്തിയിട്ടും അത് തിരുത്താന്‍ തയാറാകുന്നില്ല. സി.പി.എം എഴുതി കൊടുത്തതാണ് ഞാന്‍ വായിച്ചതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ്, ഷാഫി പറമ്പില്‍ വാട്സ്അപ്പില്‍ അയച്ചുകൊടുത്ത കാര്യങ്ങളാണ് പത്രക്കാരോട് വിളിച്ചുപറഞ്ഞത്. ഇനിയും ഷാഫി അയച്ച് തരുന്നത് വിളിച്ച് പറഞ്ഞ് വി.ഡി. സതീശന്‍ നാണംകെടരുതെന്ന് ഷാനിബ് പറഞ്ഞു.
നുണമാത്രം പറയുന്ന ആളായി പ്രതിപക്ഷ നേതാവ് അപഹസ്യനായി. കെ.പി.സി.സി. പ്രസിഡന്റാണ് കേരളത്തില്‍ പാര്‍ട്ടിയുടെ അവസാനവാക്ക്. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിക്കുമ്പോള്‍ അടുത്തുനിന്ന് ഗോഷ്ടി കാണിക്കുന്ന പ്രതിപക്ഷ നേതാവിനെ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഇത്രയും പക്വതയില്ലാത്ത സഹിഷ്ണുതയില്ലാത്ത മനുഷ്യനാണ് ഇയാള്‍.
അധികാരഭ്രമം മൂത്ത് ആരുമായും ചേരാന്‍ ഒരു മടിയുമില്ലെന്ന് അദ്ദേഹം നിരന്തരം തെളിയിക്കുകയാണ്. ബി.ജെ.പിയെ ഇവിടെ എതെല്ലാം തരത്തില്‍ സഹായിക്കാന്‍ കഴിയുമോ അതെല്ലാം വി.ഡി. സതീശന്‍ ഇവിടെ പയറ്റുകയാണെന്നും ഷാനിബ് കുറ്റപ്പെടുത്തി. പാലക്കാട് സീറ്റ് ഒഴിവ് വന്നപ്പോള്‍ ജില്ലയിലെ നേതാക്കളെ പരിഗണിക്കുന്ന സാഹചര്യം ഉണ്ടായില്ല. ഷാഫി വടകരയില്‍ നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ് ഞാന്‍ പറയുന്ന സ്ഥാനാര്‍ഥിയെ ഇവിടെ നിര്‍ത്തണം എന്ന് ഷാഫി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഷാഫി പറമ്പിലും വി.ഡി. സതീശനും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്ന് താന്‍ പറഞ്ഞതെന്നും ഷാനിബ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തേ ഷാനിബ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്നാണ് ഷാനിബ് പറഞ്ഞത്. വി.ഡി. സതീശനാണ് എല്ലാ പിന്തുണയും നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകെ പോകുന്നുവെന്നേയുള്ളുവെന്നും ഷാനിബ് പറയുകയുണ്ടായി. ഉമ്മന്‍ ചാണ്ടി പോയശേഷം എ ഗ്രൂപ്പ് നാഥനില്ലാ കളരിയായിട്ടുണ്ടെന്നും ആ അവസരം മുതലാക്കി മറ്റുള്ളവരെ അടിച്ചൊതുക്കി പോകാനുള്ള ശ്രമമാണ് ഷാഫി പറമ്പില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.