by webdesk1 on | 23-10-2024 08:57:23
കസാന്‍: വര്‍ഷങ്ങളായി നീണ്ട ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തിന് അയവ് വന്നതിന് പിന്നാലെ ഇന്ത്യയുടേയും ചൈനയുടേയും രാഷ്ട്ര തലവന്‍മാര്‍ ഇന്ന് പരസ്പരം കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇരു രാജ്യത്തേയും ഭരണത്തലവന്മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ലഡാക്കിലെ പാങ്‌ഗോങിനടുത്ത് ചൈന സൈനിക കോളനി സ്ഥാപിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷം ഇരു രാജ്യ തലവന്‍മാരും പല അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റത്തിന് ധാരണയായതോടെയാണ് സൗഹൃദാന്തരീക്ഷം വീണ്ടും രൂപപ്പെട്ടത്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ തുടങ്ങിയവരുമായി മോദി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. ജൂലൈയില്‍ പെസഷ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റായതിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉച്ചകോടിയില്‍ പ്രധാന വിഷയമാകുമെന്നാണ് പ്രതീക്ഷ. പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെയും പുട്ടിന്‍ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്ന് മോദി പുട്ടിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കു വഹിക്കാനും ഇന്ത്യ സന്നദ്ധരാണെന്നും മോദി പറഞ്ഞിരുന്നു.