by webdesk1 on | 23-10-2024 09:35:19
കല്‍പ്പറ്റ: വയനാട് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11 മണിക്ക് റോഡ് ഷോ ആയാണ് പത്രിക സമര്‍പ്പിക്കുക. പത്രികാ സമര്‍പ്പണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് എത്തും.
പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിര തന്നെ വയനാട്ടില്‍ എത്തുന്നുണ്ട്. കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോയോടെയാണ് പത്രിക സമര്‍പ്പണം. സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം.
പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. സോണിയക്കും റോബര്‍ട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുലും ഖര്‍ഗെയും ഇന്ന് രാവിലെ എത്തും.
എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. വയനാടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി പൊരുതാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാര്‍ത്ഥി എത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.