News India

ഒരൊറ്റ കൂടിക്കാഴ്ച്ചയില്‍ നാല് വര്‍ഷം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവ്: സമാധാനത്തില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യ-ചൈനയും ധാരണ

Axenews | ഒരൊറ്റ കൂടിക്കാഴ്ച്ചയില്‍ നാല് വര്‍ഷം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവ്: സമാധാനത്തില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യ-ചൈനയും ധാരണ

by webdesk1 on | 23-10-2024 10:31:49

Share: Share on WhatsApp Visits: 45


ഒരൊറ്റ കൂടിക്കാഴ്ച്ചയില്‍ നാല് വര്‍ഷം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവ്: സമാധാനത്തില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യ-ചൈനയും ധാരണ


കസാന്‍: കഴിഞ്ഞ നാല് വര്‍ഷക്കാലമായി ലഡാക്ക് അതിര്‍ത്തിയില്‍ പുകഞ്ഞു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ഒരൊറ്റ കൂടിക്കാഴ്ച്ചയില്‍ അയവുവന്നു. റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് സമവായമായത്.

അതിര്‍ത്തിയില്‍ ശാന്തിയും സ്ഥിരതയും പുലര്‍ത്തേണ്ടതിലായിരിക്കണം നമ്മുടെ മുന്‍ഗണന. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയായിരിക്കണം സഹകരണത്തിന്റെ അടിസ്ഥാനമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. അത് രാജ്യങ്ങളുടെ സമാധാനത്തേയോ സ്വസ്ഥതയേയോ തകര്‍ക്കരുതെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടത്. നിയന്ത്രണരേഖയിലെ സേനാപിന്മാറ്റത്തിനുള്ള തീരുമാനത്തെ ഷി ജിന്‍പിങും സ്വാഗതം ചെയ്തു. അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം സ്വീകാര്യമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഉന്നതതലത്തില്‍ യോഗം ചേരാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. 2019ല്‍ ആണ് അവസാനമായി പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ച. ഏതാനും മാസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു ഗാല്‍വാനില്‍ സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ വന്നതും സംഘര്‍ഷത്തിലേക്ക് നയിച്ചതും. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളലുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ ലഡാക്കിലെ നിയന്ത്രണരേഖയിലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

Share:

Search

Popular News
Top Trending

Leave a Comment