by webdesk1 on | 24-10-2024 09:10:55
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് 15.75 ലക്ഷം രൂപയുടെ കടബാധ്യത. 4.24 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ 1.15 കോടിയുടെ സ്വര്‍ണം, 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടിയുടെ ഭൂസ്വത്ത് എന്നിയും ഉണ്ടെന്ന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രിയങ്ക വെളിപ്പെടുത്തി.
4.24 കോടി രൂപയുടെ നിക്ഷേപത്തില്‍ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലുമാണ്. കൈവശം 52,000 രൂപയുണ്ട്. 2004 മോഡല്‍ ഹോണ്ട സിആര്‍വി കാറും സ്വന്തമായുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും ഭര്‍ത്താവ് റോബര്‍ട്ട് വാദേരക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിര്‍ദേശ പത്രികയില്‍ പറയുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരനും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദേര, മകന്‍ റെയ്ഹാന്‍ വദേര എന്നിവരും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഘേയും ഒപ്പം ഉണ്ടായിരുന്നു. വന്‍ സ്വീകരണമാണ് സംസ്ഥാന നേതൃത്വം പ്രിയങ്കയ്ക്ക് നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയെ ഇളക്കി മറിച്ചുകൊണ്ട് വന്‍ വാഹന പ്രചരണ ജാഥയും പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
റായ്ബറേലിയില്‍ ജയിച്ചതിന് പിന്നാലെ വയനാട് മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗത്വം രാഹുല്‍ ഗാന്ധി രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാഹുല്‍ രാജി വയ്ക്കുന്ന ഘട്ടത്തില്‍ തന്നെ പ്രിയങ്ക ഇവിടെ സ്ഥാനാര്‍ഥി ആകുമെന്ന് സൂചന ഉണ്ടായിരുന്നു. പ്രിയങ്ക ഇത് സമ്മതിച്ചതോടെയാണ് കന്നി അംഗത്തിന് വയനാട് തന്നെ വേദിയായത്.