by webdesk1 on | 24-10-2024 09:46:55
തലശേരി: എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തിലും അവസാനിപ്പിക്കാതെ വ്യക്തിഹത്യ. വിശുദ്ധനെങ്കില്‍ പ്രസംഗത്തിനിടെ എ.ഡി.എമ്മിന് ഇടപെടാമായിരുന്നില്ലേയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ദിവ്യ കോടതിയില്‍ വാദിച്ചു. അഴിമതിക്കെതിരായ നിലപാട് എന്ന നിലക്കാണ് പരസ്യ പ്രതികരണം നടത്തിയത്. അതിന് ആത്മഹത്യയല്ല പരിഹാരമെന്നും ദിവ്യയക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാന്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. രാവിലെ 11.20ന് തുടങ്ങിയ വാദം കേള്‍ക്കല്‍ ഉച്ചകഴിഞ്ഞ് 3.25നാണ് അവസാനിച്ചത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ തലശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ഈ മാസം 29ന് മാറ്റി.
കളക്ടര്‍ ക്ഷണിച്ചിട്ടാണ് ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ പോയതെന്നും അഴിമതിക്കെതിരെ സംസാരിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും ദിവ്യയുടെ അഭിഭാഷകന്‍ കെ. വിശ്വന്‍ വാദിച്ചു. കലക്ടര്‍ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേര്‍ന്നു. കൂടുതല്‍ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോയെന്നും അഭിഭാഷകന്‍ വാദിച്ചു.
പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീന്‍ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാര്‍ഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല. താന്‍ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കില്‍ അവിടെ വെച്ച് എതിര്‍ക്കാതെ നവീന്‍ ബാബുവിന് എന്താണ് മിണ്ടാതിരുന്നതെന്നും ദിവ്യക്കുവേണ്ടി അഭിഭാഷകന്‍ ചോദിച്ചു.
എന്നാല്‍, യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയ പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് ഉന്നയിച്ച് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രാദേശിക ചാനലിന്റെ വിഡിയോഗ്രാഫറെയും ഏര്‍പ്പാടാക്കിയാണ് ദിവ്യ യോഗത്തിന് എത്തിയത്. കൃത്യമായ ആസൂത്രണമാണിത്. വ്യക്തിഹത്യ കാരണം ജില്ല ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുമെന്നും ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ തുടര്‍ന്നു.
ഗുരുതര ആരോപണങ്ങളാണ് ജാമ്യഹര്‍ജിയില്‍ കക്ഷിചേര്‍ന്ന നവീന്റെ കുടുംബം ഉന്നയിച്ചത്. പെട്രോള്‍ പമ്പ് ഇടപാടില്‍ ദിവ്യയുടെ സാമ്പത്തിക താല്‍പര്യം അന്വേഷിക്കണമെന്നും പമ്പ് ബിനാമി ഇടപാടാണെന്നും കുടുംബം വാദിച്ചു. എ.ഡി.എമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എ.ഡി.എമ്മിനോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കാന്‍ ജില്ല പഞ്ചായത്ത് അധ്യക്ഷക്ക് അധികാരമില്ല.
പെട്രോള്‍ പമ്പ് അനുമതി ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ വരുന്നതല്ല. ദിവ്യയുടേത് ആസൂത്രിത നടപടിയാണ്. പമ്പിന് നിയമവിരുദ്ധമായി അനുമതി നല്‍കാത്ത വൈരാഗ്യമാണ് ദിവ്യക്ക്. എ.ഡി.എമ്മിന് ഉപഹാരം നല്‍കുന്ന സമയത്ത് അവര്‍ എഴുന്നേറ്റ് പോയത് അപമാനിക്കാനാണെന്നും കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. ജോണ്‍ എഫ്. റാല്‍ഫ് വാദിച്ചു.