by webdesk1 on | 24-10-2024 10:30:48
റാഞ്ചി: സീറ്റ് വിഭജനം കീറാമുട്ടിയായതോടെ ജാര്‍ഖണ്ഡില്‍ തനിച്ച് മത്സരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. പിന്നാലെ സി.പി.എമ്മും സി.പി.ഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു.
ബഹ്റാഗോര, മന്ദാര്‍, തമര്‍, ജമ , പാകുര്‍, ജംതാര, മഹേസ്പൂര്‍,സിസായി, ഛത്ര എന്നിങ്ങനെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം പ്രഖ്യാപിച്ചത്. 15 മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തമര്‍, സിസായ്, മന്ദാര്‍,ബഹ്റാഗോര എന്നിവിടങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ജെ.എം.എം-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സി.പി.ഐ അതിരൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചു. തങ്ങള്‍ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇരുപാര്‍ട്ടിയിലേയും മുതിര്‍ന്ന നേതാക്കള്‍ തന്നെ ഞങ്ങളുമായി ചര്‍ച്ച നടത്തി ചില ഉറപ്പുകള്‍ തന്നു. എന്നാല്‍ അവര്‍ ഉറപ്പുകള്‍ പാലിച്ചില്ല. അതിനാലാണ് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു.
ജെ.എം.എം 41 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. നാല് സീറ്റുകള്‍ സി.പ.ിഐ-എംഎല്ലിന് നല്‍കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 മണ്ഡലങ്ങളിലാണ് ജെ.എം.എം മത്സരിച്ചത്. ഇതില്‍ 30 സീറ്റുകള്‍ പാര്‍ട്ടി വിജയിച്ചു. 31 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 16 മണ്ഡലങ്ങളിലും ആറിടത്ത് മത്സരിച്ച ആര്‍.ജെ.ഡി ഒരു സീറ്റിലുമാണ് വിജയിച്ചത്.