by webdesk1 on | 25-10-2024 09:39:12
ഹരിപ്പാട്: ഔദ്യോഗിക വാഹനം വരാന്‍ വൈകിയതിനെ തുടര്‍ന്ന് മണ്ണാറശ്ശാലയില്‍ നിന്ന് കുമരകത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷ ഉദ്യോഗസ്ഥരോടും ഡ്രൈവറോടും കയര്‍ത്ത സുരേഷ് ഗോപി കുമരകത്തേക്കുള്ള വഴി ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നിര്‍ദേശിച്ചു. ഒടുവില്‍ നീരസം വെടിഞ്ഞ് ഔദ്യോഗിത വാഹനത്തില്‍ തന്നെ കുമരകത്തേക്ക് പോയി.
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനെത്തിയതായിരുന്നു സുരേഷ് ഗോപി. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡില്‍ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയില്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നു.
ഔദ്യോഗിക വാഹനം വൈകിയതിനാല്‍ സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയില്‍ കയറി കുമരകത്തുപോകാന്‍ ആവശ്യപ്പെട്ടു. ആദ്യം ഒന്ന് പരുങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരേഷ് ഗോപിയുമായി രണ്ടുകിലോമീറ്ററോളം മുന്നോട്ട് പോയി. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.
പോലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തില്‍ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.