by webdesk1 on | 25-10-2024 12:16:53
കൊച്ചി: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് റിപ്പോര്‍ട്ടും എതിരായതോടെ പി.പി. ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സി.പി.എം. തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികളാണ് ചര്‍ച്ചയില്‍. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും സംരക്ഷണത്തിലായിരുന്നു ദിവ്യ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തെങ്കിലും ഒളിവില്‍ പോയ ദിവ്യ കണ്ടെത്താനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് മെനക്കെട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം പറഞ്ഞിരുന്നെങ്കിലും ഒരാഴ്ചയിലേറെയായി ദിവ്യ ഒളിവില്‍ കഴിയുന്നത് സി.പി.എമ്മിന്റേയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടേയും ഒത്താശയോടെയാണെന്നാണ് ആക്ഷേപം. ഇവരുടെ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച് കോടതി വിധി പറയാനിരിക്കെ അതിനു ശേഷം അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് പോലീസും കാത്ത് നില്‍ക്കുന്നത്.
ആസൂത്രിതമായി എ.ഡി.എമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൊവാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ് നീളാനാണ് സാധ്യത. എന്നാല്‍ ഉപതിരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചര്‍ച്ചയാകുന്നത് ക്ഷീണമെന്നാണ് സി.പി.എമ്മിലെ പൊതുവികാരം. അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിര്‍ദേശം ദിവ്യക്ക് സി.പി.എം നല്‍കി എന്നാണ് വിവരം.